ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ഹിതകരമല്ലെന്നും സര്‍ക്കാര്‍ രാജി വയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനും ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ജനവിധി നേരിടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് തന്‍റെ ഓഫീസിലേക്ക് അന്വേഷണം എത്തുമെന്ന ഭയമാണ്. സര്‍ക്കാര്‍ രാജിവച്ച് ജനവിധി തേടണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. മന്ത്രിയെ ചോദ്യം ചെയ്യുന്നത് അസാധാരണ സംഭവമാണ്. തലയില്‍ മുണ്ടിട്ടാണ് ജലീല്‍ ചോദ്യംചെയ്യലിന് എത്തിയത്. എന്‍ഐഎ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവരെയാണ്. മുഖ്യമന്ത്രി ഇനിയെങ്കിലും ജലീലിന്‍റെ രാജി ആവശ്യപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു. 

ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ഹിതകരമല്ലെന്നും സര്‍ക്കാര്‍ രാജി വയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനും ആവശ്യപ്പെട്ടു. അഴിമതി സര്‍ക്കാരാണിതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. ജലീലിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രി മുടന്തൻ ന്യായങ്ങൾ പറയരുത്. അധികാരത്തിലിരിക്കുന്ന മന്ത്രിയെ എന്‍ഐഎ സംസ്ഥാനത്ത് ചോദ്യം ചെയ്യുന്നത് ആദ്യമാണ്. 

ഇന്ന് രാവിലെ ആറ് മണിക്കാണ് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ജലീല്‍ എത്തിയത്. കളമശ്ശേരിയില്‍ നിന്നും മുന്‍ എംഎല്‍എ എ എം യൂസഫിന്‍റെ കാറിലായിരുന്നു ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. രാത്രി 12 മണിക്ക് ശേഷമാണ് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിന്നും മന്ത്രി കൊച്ചിയിലേക്ക് തിരിച്ചത്. കളമശ്ശേരിയില്‍ താമസിക്കുന്ന മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എഎം യൂസഫിനെ രാത്രി ഒന്നരയോടെ മന്ത്രി വിളിച്ച് വാഹനം ആവശ്യപ്പെട്ടു. പുലര്‍ച്ചെ നാലരയോടെ കളമശ്ശേരി പിഡബ്ലുഡി റെസ്റ്റ് ഹൗസിന് മുമ്പില്‍ വാഹനമെത്തിക്കാനായിരുന്നു നിര്‍ദ്ദേശം .