തിരുവനന്തപുരം: ഒരാഴ്ച കേരളത്തെ യുദ്ധക്കളമാക്കിയ പ്രതിപക്ഷ പ്രതിഷേധം രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും സജീവമാകുന്നു. സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും സമരങ്ങളുണ്ടാകും. വിവാദങ്ങളുടെ പേരിൽ മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കേണ്ടെന്ന നിലപാടിൽ ഭരണപക്ഷം ഉറച്ച് നിൽക്കുമ്പോള്‍, പ്രതിഷേധങ്ങളുടെ സ്വഭാവം തന്നെ മാറ്റാനാണ് പ്രതിപക്ഷ നീക്കം.

സമരം, ജലപീരങ്കി, ലാത്തിച്ചാർജ്, കണ്ണീർവാതകം എന്നിങ്ങനെ കഴിഞ്ഞ ഒരാഴ്ചയായി സെക്രട്ടേറിയറ്റും ജില്ലാ കേന്ദ്രങ്ങളും വലിയ പ്രതിഷേധങ്ങള്‍ക്ക് സാക്ഷിയായി. കൊടിയും പാർട്ടിയും പലതാണെങ്കിലും മന്ത്രി കെ ടി ജലീലിന്‍റെ രാജി എന്ന ഒരൊറ്റ ആവശ്യമാണ് പ്രതിപക്ഷത്തിനുള്ളത്. അതേസമയം, ചിന്തയിൽ പോലും രാജിയില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രിയും ഇടത് നേതാക്കളും മറുപക്ഷത്ത് നിലയുറപ്പിക്കുന്നു.

അങ്ങനെ പത്ത് ദിവസത്തെ പ്രതിഷേധങ്ങള്‍ക്ക് ശേഷമുണ്ടായ രണ്ട് ദിവസത്തെ ഇടവേള കഴിഞ്ഞ് വീണ്ടും തലസ്ഥാനവും ജില്ലാ കേന്ദ്രങ്ങളും വീണ്ടും പ്രക്ഷുബ്ധമാകാന്‍ പോകുകയാണ്. യുഡിഎഫ് സ്പീക്കപ്പ് കേരള മൂന്നാംഘട്ടം, യുഡിഎഫ് ജനപ്രതിനിധികളുടെ സത്യഗ്രഹം സെക്രട്ടേറിയറ്റിൽ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. മലപ്പുറത്ത് സമരം ലീഗ് നേതൃത്വത്തിലാണ്.

കെഎസ്‍യു , യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളും ഇതിനൊപ്പം നടക്കും. എൻഡിഎ പ്രതിഷധം മന്ത്രി കെ ടി ജലീലിന്‍റെ വളാഞ്ചേരിയിലെ വസതിക്ക് മുന്നിലാണ്. മറ്റ് ജില്ലാ കേന്ദ്രങ്ങളിലും സമര പരമ്പരകള്‍ തന്നെ. കാസർകോട്ട് ബിജെപി സമരം ജ്വല്ലറി തട്ടിപ്പ് കേസിൽ, എം സി കമറുദ്ദീന്‍ എംഎൽഎക്ക് എതിരെയാണ്.

തലസ്ഥാനത്തും ആലപ്പുഴയിലും സമരക്കാരിൽ കൊവിഡ് പോസിറ്റീവായവരുണ്ട്, തിരുവനന്തപുരം എസിപിക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് പ്രതിദിന വ്യാപനം 4000ല്‍ മുകളിലെത്തി നിൽക്കുമ്പോഴുള്ള സമരങ്ങൾ ഉയർത്തുന്ന ആശങ്കയും ചില്ലറയല്ല.