തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രി തോമസ് ഐസകിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. യുഡിഎഫിന് വേണ്ടി വി ഡി സതീശൻ എംഎൽഎയാണ് നിയമസഭാ സ്പീക്കർക്ക് നോട്ടീസ് നൽകിയത്. 

അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാധ്യമങ്ങൾക്ക് നൽകി. ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. സഭാവകാശങ്ങളിൻമേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണിതെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. 

ഗവർണർക്കാണ് സിഎജി റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അത് അതീവരഹസ്യമായി സൂക്ഷിക്കേണ്ടതാണ്. ഈ റിപ്പോർട്ട് ഗവർണറുടെ അംഗീകാരത്തോടെ സഭയിൽ വയ്ക്കേണ്ടതായിരുന്നു. ഇതൊന്നുമുണ്ടായില്ല. സഭയിൽ എത്തുന്നത് വരെ റിപ്പോർട്ടിന്‍റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം ധനമന്ത്രിയുടേതായിരുന്നു. ഇതിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ധനമന്ത്രി കാണിച്ചത് ഗുരുതരമായ ചട്ടലംഘനമാണ് - എന്ന് നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

കിഫ്ബിക്കെതിരെ സിഎജി റിപ്പോർട്ടിൽ നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന ഗുരുതരമായ ആരോപണമുന്നയിച്ചാണ്, റിപ്പോർട്ടിന്‍റെ കരട് എന്നവകാശപ്പെടുന്ന രേഖ പുറത്തുവിട്ട് ധനമന്ത്രി തോമസ് ഐസക് വാർത്താസമ്മേളനം നടത്തിയത്.