തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. 

പ്രതിപക്ഷ നേതാവിന്റെ പ്രമേയം സര്‍ക്കാര്‍ അംഗീകരിച്ചേക്കില്ലെന്ന അഭ്യൂഹം ശക്തിപ്പെടുന്നതിനിടെയാണ്, പുതിയ ആവശ്യവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്. പ്രമേയം ക്രമപ്രകാരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ഇന്ന് വ്യക്തമാക്കിയിരുന്നു. നിയമസഭാ ചട്ടം 135 പ്രകാരം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

ദിവസം നിശ്ചയിച്ചിട്ടില്ലാത്ത ഉപക്ഷേപങ്ങള്‍ എന്ന വിഭാഗത്തില്‍ ഉൾപ്പെടുത്തി, ഈ നോട്ടീസ് പ്രസിദ്ധീകരിക്കണമെന്നും സ്പീക്കര്‍ക്കുള്ള കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണര്‍ കേരള നിയമസഭയെ അവഹേളിക്കുകയും, അനാദരിക്കുകയും ചെയ്തെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രമേയത്തിലെ ആവശ്യം. പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ മാസം 25 നാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.