തൃശ്ശൂർ: നിർമ്മാണത്തിൽ വ്യാപകമായ അപാകതകൾ കണ്ടെത്തിയ തൃശൂർ പുതുക്കാട് ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂൾ പ്രതിപക്ഷനേതാവ് സന്ദർശിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലത്തിലുള്ള സ്കൂൾ കെട്ടിടത്തിൻറെ പല ഭാഗത്തും സിമന്‍റ് അടര്‍ന്നു വീഴുന്ന അവസ്ഥയിലായിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തിയ നിർമ്മാണത്തിലെ ക്രമക്കേടിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത പുറത്തുകൊണ്ടുവന്നത്. നിർമ്മാണത്തിലെ അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സ്കൂൾ നിർമ്മാണം അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കിഫ്ബിക്കെതിരായ പ്രതിപക്ഷ പരാതികളെ പരിഹസിച്ചവർ വിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലത്തിലെ കെട്ടിട നിർമ്മാണത്തെക്കുറിച്ച് പഠിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത് പോലെയുള്ള അഴിമതികളാണ് കിഫ്ബി പദ്ധതികളിൽ പലതിലും എന്നാരോപിച്ച പ്രതിപക്ഷ നേതാവ് അടിയന്തര നടപടി ആവശ്യപ്പെട്ടു. 

സ്കൂൾ നിർമ്മാണവുമായി മുന്നോട്ട് പോകാൻ പാടില്ല. എത്രയും പെട്ടന്ന അന്വേഷണം പ്രഖ്യാപിക്കുകയും അഴിമതി തടയാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലത്തിലെ സ്കൂളിന് തന്നെ ഈ അവസ്ഥയുണ്ടായത് ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രി മോഡൽ സ്കൂളായി പ്രഖ്യാപിച്ച സ്കൂൾ അഴിമതിയുടെ മോഡലായിരിക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു. 

കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന സ്കൂൾ കെട്ടിടത്തിൻ്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലേയും സിമൻ്റ് അടര്‍ന്നുവീഴുകയാണ്. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരനോട് നിര്‍മ്മാണം നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ടിരിക്കുയാണ് സ്കൂള്‍ അധികൃതര്‍. കിഫ്ബിയുടെ 3 കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച, ഉദ്ഘാടനത്തിന് തയ്യാറായ സ്‌കൂൾ കെട്ടിടമാണിത്.