ബെവ്കോ ആപ്പുമായി ബന്ധപ്പെട്ട് ഫെയർ കോഡ് എന്ന സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തതിലും പമ്പ ത്രിവേണിയിൽ നിന്നുള്ള മണൽ നീക്കം ചെയ്യാനുള്ള കരാർ സ്വകാര്യ കമ്പനികളെ ഏർപ്പെടുത്തിയതിനും എതിരെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാതി

തിരുവനന്തപുരം : ബെവ്കോ ആപ്പ്, പമ്പാ ത്രിവേണിയിൽ നിന്നുള്ള മണല്‍കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയെപ്പറ്റി താന്‍ നല്‍കിയ പരാതികളില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് വീണ്ടും കത്ത് നല്‍കി. ബെവ്കോ ആപ്പുമായി ബന്ധപ്പെട്ട് ഫെയർ കോഡ് എന്ന സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തതിലും പമ്പ ത്രിവേണിയിൽ നിന്നുള്ള മണൽ നീക്കം ചെയ്യാനുള്ള കരാർ സ്വകാര്യ കമ്പനികളെ ഏർപ്പെടുത്തിയതിനും എതിരെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാതി.

മെയ് 28, ജൂൺ ആറ് തീയതികളിലാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയത്. എന്നാല്‍ ഇ വിജിലന്‍സ് വകുപ്പ് ഈ പരാതികളിൽ എന്തെങ്കിലും നടപടി സ്വീകരിച്ചതായി വിവരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അടിയന്തരമായി എഫ്ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. അന്വേഷണത്തിലുണ്ടാകുന്ന കാലതാമസം തെളിവുകളും രേഖകളും നഷ്ടപ്പെടാനിടയാക്കും. ഇത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നടപടി എടുക്കണമെന്നും വിജിലന്‍സ് ഡയറക്ടർക്ക് അയച്ച പുതിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.