Asianet News MalayalamAsianet News Malayalam

'ക്രൂരം, നിന്ദ്യം, മര്യാദകേട്': രമയ്ക്കെതിരായ പ്രസംഗത്തിൽ മണി മാപ്പ് പറയണമെന്ന് വിഡി സതീശൻ

'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല'- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം

Opposition leader VD Satheesan demands apology from MM Mani over speech againt KK rama
Author
Thiruvananthapuram, First Published Jul 14, 2022, 7:13 PM IST

തിരുവനന്തപുരം: വടകര എം എൽ എയും കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ വിധവയുമായ കെ കെ രമയ്ക്ക് എതിരായ അധിക്ഷേപ പ്രസംഗത്തിൽ മുതിർന്ന സി പി എം നേതാവും ഉടുമ്പൻചോല എം എൽ എയുമായ എം എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമ സഭയിൽ ആവശ്യപ്പെട്ടു. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണിയുടെ പ്രസംഗമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല'- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. തോന്നിവാസം പറയരുതെന്ന് പറഞ്ഞാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങിയത്.

എംഎം മണി മാപ്പ് പറയണം എന്ന് മുദ്രാവാക്യം മുഴക്കുകയാണ് പ്രതിപക്ഷം. ഡയസിന് മുന്നിലെത്തി ഈ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എംഎം മണി പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു. എന്നാൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ സഭാ നടപടികൾ സ്പീക്കർ നിർത്തിവെച്ചു. പത്ത് മിനിറ്റിന് ശേഷം സ്പീക്കർ സഭ നടപടികൾ പുനരാരംഭിച്ചു. എന്നാൽ പ്രതിപക്ഷം വിട്ടില്ല. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണി പറഞ്ഞതെന്ന് കുറ്റപ്പെടുത്തി ഈ ഘട്ടത്തിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഭരണപക്ഷ എംഎൽഎ മാപ്പ് പറയണമെന്ന് ആവസ്യപ്പെട്ടത്. എന്നാൽ എം എം മണിക്ക് പറയാനുള്ളത് തുടർന്ന് പറയട്ടെയെന്നാണ് സ്പീക്കർ സ്വീകരിച്ച നിലപാട്. എം എം മണി പ്രസംഗിക്കാൻ വീണ്ടും എഴുന്നേറ്റു. പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഡയസിന് മുന്നിലാണ് പ്രതിപക്ഷം ഇപ്പോഴുള്ളത്.
 

Follow Us:
Download App:
  • android
  • ios