Asianet News MalayalamAsianet News Malayalam

യുഡിഎഫ് കുറ്റ വിചാരണ സദസ്സ്: നവകേരള സദസ്സിനും സര്‍ക്കാരിനുമെതിരെ കുറ്റങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാക്കൾ

കൊവിഡിന്റെ മറവിൽ കാലാവധി കഴിയാറായ മരുന്നുകൾ വിതരണം ചെയ്തുവെന്നും മരുന്ന് കമ്പനികളുമായി ദുരൂഹ ഇടപാടുകൾ നടത്തിയെന്നും പ്രതിപക്ഷ നേതാവ്

Opposition leaders against Kerala government UDF trial campaign kgn
Author
First Published Dec 2, 2023, 6:23 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന കുറ്റ വിചാരണ സദസ്സിൽ മുഖ്യമന്ത്രിക്കെതിരെ അടക്കം രൂക്ഷ വിമ‍ര്‍ശനവുമായി പ്രതിപക്ഷ നേതാക്കൾ. ധനാകാര്യ മാനേജ്മെന്റ് ഇടതുപക്ഷത്തിന് അറിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചപ്പോൾ,  പിണറായി സർക്കാരിന്റെ പദ്ധതികൾ എല്ലാം ചാപിള്ളയെന്നായിരുന്നു കെ മുരളീധരന്റെ പ്രസംഗം. പ്രതിപക്ഷം പറയുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ഉത്തരവിടുന്ന സ്ഥിതിയാണ് സംസ്ഥാനത്തെന്ന് പ്രതിപക്ഷ നേതാവും വിമര്‍ശിച്ചു.

യുഡിഎഫ് വിചാരണ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം ബേപ്പൂരിലെ ഫറോക്കിൽ നിര്‍വഹിച്ച് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ, നവ കേരള സദസിനെത്തിരെ ഹൈക്കോടതിയുടെ 4 ഉത്തരവുകൾ വന്നുവെന്ന് ചൂണ്ടിക്കാട്ടി. സ്കൂൾ ബസ് ഉപയോഗിക്കരുത് എന്ന് ആദ്യം, കുട്ടികളെ പങ്കെടുപ്പിക്കരുത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പണപ്പിരിവും ഹൈക്കോടതി തടഞ്ഞു. പുത്തൂർ സുവോളജിക്കൽ   പാർക്കിലെ വേദി മാറ്റേണ്ടി വന്നു. പ്രതിപക്ഷം പറയുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ഉത്തരവിടുന്ന സ്ഥിതിയാണ്. നാല് ഹൈക്കോടതി ഉത്തരവുകൾ ഈ അശ്ലീല നാടകത്തിന് എതിരെ ഉണ്ടായി. വൈദ്യുത വകുപ്പ് വൻ നഷ്ടത്തിലാക്കി. രണ്ട് തവണ വൈദ്യുത ബിൽ കൂട്ടി. സപ്ലൈകോയിൽ സാധനമില്ല. കെഎസ്ആ‍ര്‍ടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങി. നെല്ല് സംഭരണത്തിന്റെ തുക നൽകിയില്ല. എല്ലാ മേഖലയിലും ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ്. ഒൻപത് സര്‍വകലാശാലകളിലും വൈസ് ചാൻസലര്‍മാരില്ല. 64 സര്‍ക്കാര്‍ കോളേജുകളിൽ പ്രിൻസിപ്പാൾമാരില്ല. എസ്എഫ്ഐയുടെ നേതാക്കൾ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം തകർത്തു. സുപ്രീം കോടതി വിധി വന്നിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കുന്നില്ല. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നടക്കുന്നത് നാടകമാണ്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഗവർണർ വിസിക്ക് പുനർനിയമനം നടത്തിയത്. കൊവിഡിന്റെ മറവിൽ കാലാവധി കഴിയാറായ മരുന്നുകൾ വിതരണം ചെയ്തു. മരുന്ന് കമ്പനികളുമായി ദുരൂഹ ഇടപാടുകൾ നടത്തി. മരുന്നും  ആശുപത്രി ഉപകരണങ്ങളും വാങ്ങുന്ന വകയിൽ നടത്തിയത് വൻ തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതീകാത്മക ഇടപെടലാണ് യുഡിഎഫിന്റെ കുറ്റ വിചാരണ സദസെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൃദ്ധി നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിൽ എന്ന പ്രതീതിയിൽ ആണ് സർക്കാരിന്റെ നവ കേരള സദസ്സ്. ഒരു കാര്യവും ചെയ്യാതെ ഇത്ര കാലം ഇരുന്ന സര്‍ക്കാര്‍ ഇപ്പോൾ ജനങ്ങളെ കാണുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. നാല് മാസത്തെ കുടിശിക നിൽക്കെ, ഒരു മാസത്തെ പെൻഷൻ തുക മാത്രം ആശ്രിതര്‍ക്ക് കൊടുത്തത് നവകേരള സദസ്സിന്റെ പേരിലാണ്. അസാമാന്യ തൊലിക്കട്ടിയാണ് ഇടത് സര്‍ക്കാരിന്. ഈ മന്ത്രിമാർക്ക് എല്ലാം പകരം ഞങ്ങളുടെ ഉമ്മൻചാണ്ടി മാത്രം മതിയായിരുന്നു.  ഉമ്മൻചാണ്ടി എന്നും ജനക്കൂട്ടത്തിലായിരുന്നു. ജന സമ്പർക്കത്തിൽ ഉമ്മൻ ചാണ്ടിയെ കണ്ട് ഒന്നും കിട്ടാതെ പോയ ആരും ഉണ്ടാകില്ല. ജനങ്ങളുടെ ഒരു ആനുകൂല്യവും നൽകാത്ത സര്‍ക്കാരാണിത്. നാട് മുഴുവൻ അസംതൃപ്തിയിൽ നിൽക്കുമ്പോൾ പരാതി സ്വീകരിച്ച് വേണോ വല്ലതും നൽകാൻ? യുഡിഎഫ് നവകേരള സദസ്സിൽ നിന്ന് വിട്ടു നിന്നത് നല്ല കാര്യം എന്ന് മനസ്സിലായെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി നാട്ടിൽ ആര്‍ക്കും സുരക്ഷയില്ലാത്ത അവസ്ഥയാണെന്ന് കൊല്ലത്തെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പറഞ്ഞു.

എറണാകുളം കളമശ്ശേരിയിലാണ് കെ മുരളീധരൻ എംപി യുഡിഎഫ് പരിപാടിയിൽ സംസാരിച്ചത്. പിണറായി വിജയൻ സർക്കാരിന്റെ പദ്ധതികൾ എല്ലാം ചാപിള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീ യൂണിറ്റുകൾക്ക് പോലും നിലനിൽപ്പില്ലാത്ത അവസ്ഥയാണ്. കോൺഗ്രസ്‌ ഭരിക്കാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രം പണം നൽകുന്നില്ല. അവർ ധൂര്‍ത്ത് ഒഴിവാക്കി പണം ഉണ്ടാക്കുകയാണ്. എന്നാൽ കേരളത്തിൽ ഇതല്ല സ്ഥിതി. സമ്പന്നന്മാർക്ക് പ്രഭാത ഭക്ഷണം നൽകുന്ന യാത്രയാണ് നവ കേരള സദസ്സ്. കേരളത്തിൽ ആരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായി? മന്ത്രിമാർക്ക് കാര്യങ്ങൾ പറയാൻ രാവിലെ പ്രഭാത നടത്തവും ചാനലുകാരും വേണം. മുഖ്യമന്ത്രി വേദിയിൽ പരാതി പറയാൻ അനുവദിക്കില്ല. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ ചുവപ്പു കണ്ട പോത്തിന്റെ അവസ്ഥയാണ്. ജീവൻ രക്ഷാപ്രവർത്തനം നടത്തുന്നവരെ വേണ്ട രീതിയിൽ കാണാൻ അറിയാം. ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ആദരമർപ്പിക്കാൻ മന്ത്രിമാർ പോയില്ല. പത്തനംതിട്ടയിലെ മന്ത്രി വീണ ജോർജ് പോലും പോയില്ല. സർക്കാർ ചെയ്തത് അനാദരവ് കാണിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മന്ത്രി ആന്റണി രാജുവിന്റെ എഐ ക്യാമറകൾ എവിടെ പോയി? കുറ്റകൃത്യങ്ങൾ കുറഞ്ഞെന്നാണ് ആന്റണി രാജു വീമ്പിളക്കുന്നത്. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത് ദേശീയപാത വഴിയാണെന്നും മുരളീധരൻ പറഞ്ഞു.

Child Kidnap Case | Asianet News Live | Malayalam News Live | Latest News

Latest Videos
Follow Us:
Download App:
  • android
  • ios