Asianet News MalayalamAsianet News Malayalam

ശ്രീരാമകൃഷ്ണനെ ശക്തമായി പ്രതിരോധിച്ച് ഭരണപക്ഷം; അവിശ്വാസ പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

പ്രമേയാവതാരകന്റെയും പ്രതിപക്ഷ അംഗങ്ങളുടെയും ആരോപണത്തിന് പി ശ്രീരാമകൃഷ്ണൻ മറുപടി നൽകിയതിന് പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി

Opposition no trust motion against Kerala Speaker P Sreeramakrishnan rejected
Author
Thiruvananthapuram, First Published Jan 21, 2021, 1:51 PM IST

തിരുവനന്തപുരം: സ്പീക്കർ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്ണനെ പുറത്താക്കാൻ ലക്ഷ്യമിട്ട് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം തള്ളി. പ്രമേയാവതാരകന്റെയും പ്രതിപക്ഷ അംഗങ്ങളുടെയും ആരോപണത്തിന് പി ശ്രീരാമകൃഷ്ണൻ മറുപടി നൽകിയതിന് പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതോടെ പ്രമേയം തള്ളിയതായി സഭ നിയന്ത്രിച്ച ഡപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി.

17 വർഷത്തിന് ശേഷമാണ് സ്പീക്കർക്കെതിരെ കേരള നിയമസഭയിൽ അവിശ്വാസ പ്രമേയം ഉയർന്നുവരുന്നത്. രണ്ട് മണിക്കൂർ നിശ്ചയിച്ചിരുന്ന ചർച്ച മൂന്ന് മണിക്കൂറും 45 മിനുട്ടും നീണ്ടു. സ്പീക്കർ സഭയിൽ നടത്തിയ നവീകരണത്തിൽ അഴിമതിയും ധൂർത്തും ആരോപിച്ച പ്രതിപക്ഷം സ്വർണക്കള്ളക്കടത്തിലും ഡോളർ കടത്തിലും അദ്ദേഹത്തിന് ബന്ധമുണ്ടെന്നും ആരോപിച്ചു. മുഖ്യമന്ത്രിയും ഭരണപക്ഷ അംഗങ്ങളും ശക്തമായി സ്പീക്കറെ പിന്തുണച്ച് രംഗത്ത് വന്നു. സ്പീക്കറും ശക്തമായ രാഷ്ട്രീയ മറുപടികളിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് വോട്ടെടുപ്പിന് നിൽക്കാതെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.

എം ഉമ്മർ സമർപ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസിൽ തെളിവോ വസ്തുതകളോ ഇല്ലെന്നും അഭ്യൂഹങ്ങൾ മാത്രമേയുള്ളൂവെന്നും വാദിച്ച് എസ് ശർമ പ്രമേയം തള്ളണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രമേയം തള്ളുന്നില്ലെന്ന് ഡപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. തുടർന്ന് എം ഉമ്മർ അടിയന്തിര പ്രമേയം അവതരിപ്പിച്ചു. 

പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ മറുപടി നൽകിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോഴും കെ.എസ്.യു സംസ്ഥാന അധ്യക്ഷനെ പോലെയാണ് സംസാരിക്കുന്നത്. കെ.എസ്.യു നേതാവിൽ നിന്നും അദ്ദേഹം ഇനിയും വളര്‍ന്നിട്ടില്ല. പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ കഥകളിയിലെ പകര്‍ന്നാട്ടക്കാരനെ പോലെയാണെന്നും സ്പീക്കര്‍ തിരിച്ചടിച്ചു. ആരോപണങ്ങളെ അക്കമിട്ട് നിരത്തി അദ്ദേഹം പ്രതിരോധിച്ചു.

സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കർ തന്നെ സമ്മതിച്ചാണ്. മാധ്യമവാർത്തകൾക്കെതിരെ സ്പീക്കർ നിയമ നടപടി സ്വീകരിച്ചില്ല. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാനാണ് പ്രമേയം. നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോൾ സ്പീക്കറുടെ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തു. സഭയിലെ നവീകരണ പ്രവർത്തനങ്ങൾക്ക് 100 കോടിയിലേറെ രൂപ ചെലവഴിച്ചു. സ്പീക്കറായിരിക്കെ ശ്രീരാമകൃഷ്ണൻ വരുത്തിവച്ച ദുർഗന്ധം ഒരിക്കലും മായില്ലെന്ന് ഉമ്മർ ആരോപിച്ചു.

സ്പീക്കർ കുറ്റം ചെയ്തുവെങ്കിൽ അന്വേഷണ ഏജൻസികൾ വെറുതെ ഇരിക്കുമോയെന്ന് എസ് ശർമ ചോദിച്ചു. സഭ ടിവി തെറ്റാണോ? എവിടെയാണ് അഴിമതി? അവിശ്വാസ പ്രമേയത്തിൽ ഉമ്മർ പറഞ്ഞ തെളിവ് എവിടെയാണ്? സ്പീക്കർ ചെയ്ത തെറ്റെന്താണ്? സ്വപ്നയ്ക്കൊപ്പം ചടങ്ങിൽ പങ്കെടുത്തതാണെങ്കിൽ പ്രതിപക്ഷ നേതാവ് ചെയ്തതും സമാനമായ തെറ്റല്ലേ. തന്നിഷ്ടം പോലെ വിശദീകരിച്ച് തെറ്റായ വാദം ഉന്നയിച്ചാൽ ജനം മാപ്പ് നൽകില്ല. സ്വപ്നയുടെ സ്വഭാവം അറിയുമായിരുന്നെങ്കിൽ പ്രതിപക്ഷ നേതാവും ശ്രീരാമകൃഷ്ണനും അവരോട് സംസാരിക്കുമായിരുന്നില്ലെന്നും ശർമ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിൽ നിഷ്പക്ഷമായ അന്വേഷണം നടന്നാൽ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ജയിലിൽ പോകേണ്ടി വരുമെന്ന് പിടി തോമസ് പറഞ്ഞു. സ്വര്‍ണക്കടത്ത് - ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ഇതിനോടകം കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു. സ്പീക്കറുടെ നിരവധി വിദേശയാത്രകളിൽ ഡോളര്‍ കടത്തിയെന്ന സംശയമുണ്ട്. 72 കോടിക്ക് രൂപയ്ക്കാണ് കേരള നിയമസഭ നിര്‍മ്മിച്ചത്. അതിലേറെ പണം ഈ സ്പീക്കര്‍ ഇതിനോടകം ചിലവഴിച്ചിട്ടുണ്ടെന്നും പിടി തോമസ് പറഞ്ഞു.

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ തൊട്ടടുത്തിരുത്തി ഭക്ഷണം കൊടുത്ത് നർമ സംഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് ആറന്മുള എംഎൽഎ വീണ ജോർജ്ജ്. സ്പീക്കർക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണത്തിന് അടിസ്ഥാനമില്ല. സംസ്ഥാന സർക്കാർ ഭരണമികവിൽ രാജ്യത്ത് ഒന്നാമതെന്ന റെക്കോർഡുകൾ നേടുമ്പോൾ ഏറ്റവും കൂടുതൽ അംഗങ്ങൾ ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്ന റെക്കോർഡാണ് പ്രതിപക്ഷത്തിനെന്നും വീണ ജോർജ് പറഞ്ഞു

സ്പീക്കര്‍ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി സ്വര്‍ണക്കടത്ത് കേസിലടക്കം ആരോപണവിധേയനായിട്ടുണ്ടെന്ന് ബിജെപി അംഗം ഒ രാജഗോപാൽ പറഞ്ഞു. സ്പീക്കര്‍ സഭയിലെ എല്ലാ അംഗങ്ങൾക്കും മാതൃകയാവേണ്ട വ്യക്തിയാണ്. പൊതുപ്രവര്‍ത്തകര്‍ പലതരം സമ്മര്‍ദ്ദങ്ങൾക്കും വശീകരണങ്ങൾക്കും വഴിപ്പെട്ടുപോകാൻ പാടില്ല. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നവരെ തിരിച്ചറിയാനും അകറ്റി നിര്‍ത്താനും പൊതുപ്രവര്‍ത്തകര്‍ക്ക് സാധിക്കണം മറിച്ച് അവര്‍ക്കൊപ്പം നീങ്ങേണ്ടി വരുന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ അംഗങ്ങൾക്ക് അടിയന്തര മാനസിക ചികിത്സ വേണമെന്ന് ജെയിംസ് മാത്യു പറഞ്ഞു. കുതന്ത്രങ്ങളെല്ലാം തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തോടെ അവസാനിച്ചുവെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ഈ പൊറാട്ടു നാടകത്തിൻ്റെ രണ്ടാം അങ്കത്തിനാണ് ഈ അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് തുടക്കമിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തെ നിശിതമായി വിമർശിച്ചും, അക്കമിട്ട് തിരിച്ചടിച്ചും എം സ്വരാജ് എംഎൽഎ. ഈ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സൃഷ്ടിപരമായ ഒരു ആശയവും ഉയർന്നുവന്നിട്ടില്ല. ശൂന്യതയിൽ നിന്നുണ്ടാകുന്ന ബഹളമാണ്. പ്രമേയാവതാരകൻ സ്പീക്കറെ അഭിനന്ദിച്ചുവെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.

Follow Us:
Download App:
  • android
  • ios