മുഖ്യ പ്രതിപക്ഷമായ ബിജെപി ഇന്ന് ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും കോർപറേഷനു മുന്നിലെത്തിച്ച് സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ (Thiruvananthapuram Corporation) നികുതി വെട്ടിപ്പ് (Tax Scam) നടന്നെന്ന് കൗൺസിൽ യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രൻ (Mayor Arya Rajendran) സ്ഥിരീകരിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. പ്രതിപക്ഷത്തുള്ള ബിജെപിയും (BJP) കോൺഗ്രസും (Congress) ഇന്ന് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്. മുഖ്യ പ്രതിപക്ഷമായ ബിജെപി ഇന്ന് ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും കോർപറേഷനു മുന്നിലെത്തിച്ച് സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീട്ടുകരം തട്ടുന്ന മാഫിയ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അതിന് നേതൃത്വം നൽകുന്നത് എൽ ഡി എഫാണെന്നും കൗൺസിൽ അംഗം കൂടിയായ ബിജെപി ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് (VV Rajesh) ആരോപിച്ചു.

അതേസമയം ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് കോർപ്പറേഷനിൽ ഉദ്യോഗസ്ഥ‍ർ തട്ടിപ്പ് നടത്തിയെന്ന് മേയർ സ്ഥിരീകരിച്ചത്. പണം ബാങ്കിലടക്കാതെ 34 ലക്ഷം രൂപ തട്ടിയെടുത്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെന്നും മേയര്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. ആരുടേയും വീട്ടുകരം നഷ്ടപെടില്ലന്ന് മേയർ ആവർത്തിച്ചു.

പ്ലാസ്റ്റിക് നിരോധനം ചർച്ച ചെയ്യാനായിരുന്നു സ്പെഷൽ കൗൺസിൽ യോഗം ചേര്‍ന്നത്. തുടക്കത്തില്‍ മേയര്‍ നികുതി തട്ടിപ്പ് പരാമര്‍ശിക്കാത്തതിനാല്‍ യുഡിഎഫ് അംഗങ്ങള്‍ നടുത്തളത്തില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിച്ചു. ഏഴുദിവസമായി സമരം തുടരുന്ന ബിജിപി അംഗങ്ങള്‍ പ്ലക്കാര്‍ഡ് ഏന്തിയായിരുന്നു ആദ്യാവസാനം കൗണ്‍സില്‍ യോഗത്തിലിരുന്നത്. യോഗത്തിന്‍റെ അജണ്ട പൂര്‍ത്തിയായ ശേഷമാണ് മേയർ നികുതി വെട്ടിപ്പ് വിശദീകരിച്ചത്.