പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരണയുണ്ടാക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കുകയായിരുന്നു എംബി രാജേഷ്. 

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാൻ നടന്ന നീക്കത്തില്‍ പ്രക്ഷുബ്ധമായി സംസ്ഥാന നിയമസഭ. നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. കേസിൽ ശിക്ഷ അനുഭവിക്കുന്ന നാല് പേര്‍ക്ക് ശിക്ഷായിളവ് നല്‍കാനാണ് നീക്കം നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപ്പട്ടികയിലുള്ള, മുൻ ബ്രാഞ്ച് സെക്രട്ടറി മനോജിന്‍റെ ശിക്ഷായിളവിനും ശുപാർശ ഉണ്ടായെന്നാണ് വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചത്. ശിക്ഷായിളവിന് മുന്നോടിയായി കൊളവല്ലൂർ പൊലീസ് ഇന്നലെ രാത്രി തന്‍റെ മൊഴി രേഖപ്പെടുത്തിയെന്ന് കെ കെ രമയും നിയമസഭയിൽ പറഞ്ഞു. ടി പിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ മുഖ്യപങ്ക് വഹിച്ച പ്രതിയാണ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ മനോജ്

അണ്ണൻ സിജിത്, ടികെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാനുള്ള നീക്കം പുറത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. ഇതിനിടെയാണ് നിയമസഭയിലെ സബ്മിഷനിൽ ട്രൗസർ മനോജിന് കൂടി ഇളവിനുള്ള ശ്രമം പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. കണ്ണൂർ തൂവക്കുന്ന് സ്വദേശിയും കടുങ്ങോൻപയിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മനോജിനെയാണ് ശിക്ഷായിളവ് നൽകി പുറത്തിറക്കാനുള്ള പട്ടികയിൽ ഏഴാമനായി ഉൾപ്പെടുത്തിയത്. ടിപിയുടെ കൊലപാതക ഗൂഢാലോചനയിൽ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും ഒടുക്കാൻ വിചാരണ കോടതി ശിക്ഷിച്ചു. 

ഇളവില്ലെന്ന് ആവർത്തിക്കുന്നതിനിടെയാണ് കൊളവല്ലൂർ പൊലീസ് ഇന്നലെ രാത്രിയും മനോജിൻ്റെ ഇളവിനായി രമയെ വിളിക്കുന്നത്. 20 വർഷം വരെ ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പ്രതികളുടെ പട്ടികയിൽ ട്രൗസർ മനോജുമുണ്ടായിരുന്നു. എന്നാൽ പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരണയുണ്ടാക്കുന്നുവെന്നാണ് മറുപടി നൽകിയ മന്ത്രി എം ബി രാജേഷ് പറഞ്ഞത്. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കുകയായിരുന്നു എം ബി രാജേഷ്. 

ടിപി കേസിലെ പ്രതികൾക്ക് ഒരു കാരണവശാലും ശിക്ഷായിളവ് നൽകില്ലെന്ന് സർക്കാരിന്റെ ഉറപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരം വരെ പ്രതികൾക്ക് ശിക്ഷാ ഇളവിന് സർക്കാർ ശ്രമിച്ചെന്ന് വി ഡി സതീശൻ ആരോപിച്ചു. കൊളവല്ലൂർ പൊലീസ് ഇന്നലെ വൈകീട്ട് പൊലീസ് കെ.കെ രമയുടെ മൊഴിയെടുക്കാൻ വിളിച്ചു. മനോജിന് ശിക്ഷായിളവ് നല്‍കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു കെ.കെ രമയുടെ അഭിപ്രായം തേടിയത്. സർക്കാരിന് നാണമുണ്ടോ എന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചു.

അതേസമയം, പുതുക്കിയ ശിക്ഷായിളവ് പട്ടിക സർക്കാരിന്റെ പരിഗണനക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി എം.ബി രാജേഷ് മറുപടി പറയുന്നു. പട്ടിക ലഭ്യമാക്കിയത് ജയിൽ മേധാവിക്കാണ്. അനർഹർ പട്ടികയിൽ ഉൾപ്പെട്ടതിനാൽ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സർക്കാർ ഇടപെട്ടുവെന്നും എം.ബി രാജേഷ് പറഞ്ഞു. സബ്മിഷൻ നോട്ടീസിൽ പറയാത്ത കാര്യം പ്രതിപക്ഷ നേതാവ് ഉന്നയിച്ചെന്നും സബ്മിഷനെ അടിയന്തര പ്രമേയമാക്കിയെന്നും മന്ത്രി വിമർശിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി എം ബി രാജേഷിന്‍റെ മറുപടി

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ജയിലുകളിലെ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ ഇളവ് / അകാല വിടുതല്‍ നല്‍കുന്നത് സംബന്ധിച്ച് 25.11.2022ലെ സര്‍ക്കാര്‍ ഉത്തരവിലെ മാനദണ്ഡ പ്രകാരം പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയില്‍ മേധാവി സര്‍ക്കാരില്‍ ലഭ്യമാക്കിയിരുന്നു.

പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടതായി കണ്ടതിനാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പുതുക്കിയ പട്ടിക സമര്‍പ്പിക്കുവാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി 03.06.2024ന് ജയില്‍ വകുപ്പ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രത്യേക ഇളവ് അനുവദിക്കരുതെന്ന് ബഹു. കോടതി പ്രഖ്യാപിച്ചിട്ടുള്ള കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് നിലവിലെ മാനദണ്ഡപ്രകാരം ശിക്ഷായിളവിന് അര്‍ഹതയില്ല. SC No. 867/2012 കേസിലെ ശിക്ഷാതടവുകാര്‍ക്ക് 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കും മുമ്പ് ഇളവ് അനുവദിക്കരുതെന്ന ബഹു. ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.

SC No. 867/2012 നമ്പര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലുള്ളവരുടെ ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, പോലീസ് റിപ്പോര്‍ട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല. ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ സൂപ്രണ്ടിന്റെ വിശദീകരണം ജയില്‍ മേധാവി തേടുകയും ചെയ്തിരുന്നു. പ്രസ്തുത കേസിലെ പ്രതികളെ ഒഴിവാക്കി ശിക്ഷാ ഇളവിനുള്ളവരുടെ അന്തിമ പട്ടിക സര്‍ക്കാരില്‍ നല്‍കുമെന്ന് വ്യക്തമാക്കി 22.06.2024 ന് ജയില്‍ മേധാവി പത്രക്കുറിപ്പും നല്‍കിയിരുന്നു.

ശിക്ഷാ ഇളവിന് പരിഗണിക്കുന്ന തടവുകാരുടെ വിവരങ്ങള്‍ ആരാഞ്ഞ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ കത്തും ഇക്കാര്യത്തില്‍ ജയില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ജയില്‍ സൂപ്രണ്ട് നല്‍കിയ വിശദീകരണവും മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുന്നതാണ്.

തെറ്റായ പട്ടിക തയ്യാറാക്കി പോലീസ് റിപ്പോര്‍ട്ട് തേടിയതിന് ഉത്തരവാദികളായ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-1 ശ്രീ. ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ശ്രീ. ഒ.വി. രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ശിക്ഷാ ഇളവ് നല്‍കുന്നതിന് 2022 ലെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള തടവുകാരുടെ പുതുക്കിയ പട്ടിക സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ SC No. 867/2012 കേസിലെ ശിക്ഷാതടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല. ഇത് സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്