തിരുവനന്തപുരം: സിഎജി റിപ്പോർട്ടിൽ ഫണ്ട് വകമാറ്റി നടത്തി നിർമിച്ചുവെന്ന് കണ്ടെത്തിയ ഡിജിപിയുടെയും എഡിജിപിമാരുടെയും വില്ലകൾ കാണാനെത്തി യുഡ‍ിഎഫ് സംഘം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. തിരുവനന്തപുരം ഡിപിഐ ജംഗ്ഷനിൽ ഡിജിപിക്കും എഡിജിപിമാർക്കുമായി നിർമിക്കുന്ന വില്ലകൾ എസ്ഐമാർക്കും എഎസ്ഐമാർക്കുമായി ക്വാർട്ടേഴ്സ് പണിയാൻ നീക്കിവച്ച ഫണ്ട് വകമാറ്റിയതാണെന്നായിരുന്നു സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ. 

സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച ക്രമക്കേടുകൾ ഓരോന്നോരോന്നായി തള്ളിക്കളയുന്ന ആഭ്യന്തരസെക്രട്ടറിയുടെ റിപ്പോർട്ടിനെ പ്രതിപക്ഷം തള്ളിക്കളയുന്നു. പിണറായി പറയുന്നത് പോലെ എഴുതിക്കൊടുത്ത റിപ്പോർട്ടാണ് ആഭ്യന്തര സെക്രട്ടറിയുടേതെന്നും, ഇതാർക്ക് വേണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിക്കുന്നു. ''എല്ലാ പർച്ചേസുകളും അതേ പോലെ ഒപ്പിട്ടു കൊടുക്കുന്നയാളാണ് ആഭ്യന്തര സെക്രട്ടറി. ഈ റിപ്പോർട്ട് ആർക്ക് വേണം? ഇത് പിണറായി വിജയൻ പറഞ്ഞത് അതേ പോലെ എഴുതിക്കൊടുത്തതാണ്. ഈ അഴിമതിയൊന്നും മുഖ്യമന്ത്രി അറിയാതെ നടക്കില്ല. മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം'', ചെന്നിത്തല വ്യക്തമാക്കി. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. 

: പ്രതിപക്ഷം വില്ലകൾ സന്ദർശിക്കാനെത്തിയപ്പോൾ

എന്നാൽ പൊലീസ് അഴിമതിയിൽ പ്രതിപക്ഷം മുഖ്യമന്ത്രിയെ ലക്ഷ്യമിടുമ്പോൾ, ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടാകും ഇനി സർക്കാരിന്‍റെ പ്രധാന പ്രതിരോധം. സിഎജി അക്കമിട്ട് കണ്ടെത്തിയ ക്രമക്കേടുകൾ ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത ഒന്നൊന്നായി തള്ളിക്കള‌ഞ്ഞിരുന്നു. പൊലീസ് നേരത്തെ സിഎജിക്ക് നൽകിയ വിശദീകരണങ്ങളടക്കം ഉയർത്തിയാണ് ന്യായീകരണം.

സായുധ സേനാക്യാമ്പിൽ നിന്ന് തോക്കുകളും വെടിയുണ്ടയും കാണാതായെന്നായിരുന്നു സിഎജിയുടെ പ്രധാന കണ്ടെത്തൽ. തോക്കുകളെല്ലാം ക്യാമ്പിൽ തന്നെയുണ്ടെന്നും രജിസ്റ്ററിൽ രേഖപ്പെടുത്തന്നതിലാണ് വീഴ്ച ഉണ്ടായതെന്നുമാണ് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ടിൽ പറയുന്നത്.

1994 മുതൽ വെടിയുണ്ടകളുടെ കണക്കിൽ വീഴ്ചവന്നിട്ടുണ്ട്, ഇതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതായും ബിശ്വാസ് മേത്ത പറയുന്നു. ഈ സാഹചര്യത്തിൽ ആയുധങ്ങൾ കാണ്മാനില്ലെന്ന് പ്രചാരണമുണ്ടാക്കി സുരക്ഷാ ഭീഷണി ഉണ്ടെന്ന് പറയുന്നത് ശരിയല്ലെന്നാണ് നിലപാട്. 

അതേസമയം, സിഎജി റിപ്പോ‍ർട്ടിലെ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാത്ത റിപ്പോ‍ർട്ടാണ് ആഭ്യന്തരസെക്രട്ടറിയുടെ റിപ്പോർട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിമർശിക്കുന്നു.

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ ഓഫീസ് പ്രവർത്തിച്ച പോലെയാണ് ഇപ്പോൾ പിണറായിയുടെ ഓഫീസെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണം കേന്ദ്ര ഏജൻസിയെ എൽപിക്കണമെന്ന ആവശ്യവും സുരേന്ദ്രൻ ഉന്നയിച്ചു.