പി.വി അൻവറിന്റെ പരാതിയിൽ ഉണ്ടായ അസാധാരണ നടപടികളിൽ മുഖ്യമന്ത്രി എന്ത് പറയും എന്നത് ആകാംക്ഷയാണ്

തിരുവന്തപുരം: ലഹരി മാഫിയയെ കുറിച്ച് പരമ്പര നൽകിയതിനു ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോലീസ് നടപടി ഇന്ന് നിയമസഭയിൽ ചർച്ചയാകും. എഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർക്ക് എതിരായ കേസും കോഴിക്കോട് റീജിയണൽ ഓഫീസിലെ പോലീസ് പരിശോധനയും കൊച്ചി ഓഫീസിലെ എസ്എഫ്ഐ അതിക്രമവും പ്രതിപക്ഷം ഉന്നയിക്കും. പി.വി അൻവറിന്റെ പരാതിയിൽ ഉണ്ടായ അസാധാരണ നടപടികളിൽ മുഖ്യമന്ത്രി എന്ത് പറയും എന്നത് ആകാംക്ഷയാണ്. പരാതി കിട്ടിയെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയെ അറിയിച്ചതിനു പിന്നാലെ ആയിരുന്നു ഓഫിസ് അതിക്രമവും കേസും പരിശോധനയും

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ പൊലീസ് പരിശോധന നടത്തിയതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ രംഗത്ത് എത്തിയിരുന്നു. ബിബിസി ഓഫീസിൽ ഇൻകം ടാക്സിനെക്കൊണ്ട് റെയ്ഡ് നടത്തിയ നരേന്ദ്രമോദിയും ക്രൈം ബ്രാഞ്ചിനെക്കൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയ പിണറായി വിജയനും തമ്മിൽ വ്യത്യാസമെന്താണെന്ന് സതീശൻ ചോദിച്ചു. ദില്ലിയിൽ മോദിയും കേരളത്തിൽ മുണ്ടുടത്ത മോദിയും ആണ് എന്ന് പറയുന്നത് ഒരു തെറ്റുമില്ലാ എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്വയം പ്രഖ്യാപിക്കുന്ന അവസ്ഥയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പരിശോധനയിലൂടെ കണ്ടത്. ഇത് ഒറ്റപ്പെട്ട കാര്യമല്ല. സംസ്ഥാനത്ത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. സമരം ചെയ്യുന്ന എല്ലാവരോടും ഈ അസഹിഷ്ണുതയാണ്. ഫാസിസത്തിന്റെ ഒരു വശമാണ് ഇത്. ദില്ലിയിൽ നടക്കുന്നതിന്റെ തനിയാവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും സതീശൻ പറഞ്ഞു. 

Read More : 'ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് പരിശോധന പിണറായി സ‍ര്‍ക്കാറിന്റെ ഏറ്റവും വലിയ അതിക്രമമായി സമൂഹം വിലയിരുത്തും'