480  പേരുടെ ജീവനെടുത്ത ഈ മഹാദുരന്തത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. 

തിരുവനന്തപുരം: ഡാമുകള്‍ അശാസ്ത്രീയമായി തുറന്നു വിട്ടതാണ് മഹാപ്രളയത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനൊരുങ്ങി പ്രതിപക്ഷം. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലൂടെ പ്രളയകാലത്ത് യുഡിഎഫ് സ്വീകരിച്ച നിലപാടുകളും ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറ‍ഞ്ഞു. 

480 പേരുടെ ജീവനെടുത്ത ഈ മഹാദുരന്തത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാരിന്‍റെ കഴിവില്ലായ്മയും പിടിപ്പുക്കേടുമാണ് ഇത്ര വലിയ ദുരുന്തത്തിന് വഴി തെളിയിച്ചതെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണം എന്നും ചെന്നിത്തല പറഞ്ഞു. 

അതേസമയം പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചിട്ട് അതേക്കുറിച്ച് കൂടുതലായി പ്രതികരിക്കാം എന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റിപ്പോര്‍ട്ട് ആദ്യം വരട്ടേ, അതേക്കുറിച്ച് പഠിക്കട്ടെ, ഇതേക്കുറിച്ച് ചിലത് സര്‍ക്കാരിനും പറയാനുണ്ട്. അതും കോടതിയില്‍വരുമല്ലോ അതിനൊക്കെ ശേഷമല്ലേ അന്തിമവിധി വരിക അപ്പോള്‍ നോക്കാം... എറണാകുളം പ്രസ് ക്ലബില്‍ മാധ്യമങ്ങളെ കണ്ട തോമസ് ഐസക് പറഞ്ഞു.