തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് പോസിറ്റിവായാലും ജോലി ചെയ്യാമെന്ന ഉത്തരവ് തിരുത്തും. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി നിർദ്ദേശം നല്‍കി. നീണ്ട ക്വാറന്‍റീന്‍, പ്രോട്ടോക്കോൾ എന്നിവ കാരണം സർക്കാർ വികസന പദ്ധതികൾക്ക് കാലതാമസം നേരിട്ടതോടെയാണ് അതിഥി തൊഴിലാളികള്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇത് വിവാദമായതോടെയാണ് ഉത്തരവ് തിരുത്താന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വിദഗ്ധ തൊഴിലാലാളികൾ ക്വാറന്‍റീനിലും കൊവിഡ് പ്രോട്ടോകോളിലും ഉള്‍പ്പെട്ടത് കാരണം സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് കാലതാമസം നേരിടുന്നുണ്ട്. നിലവിൽ 14 ദിവസമാണ് സംസ്ഥാനത്ത് തിരികെയെത്തുന്ന അതിഥി തൊഴിലാളികളുടെ ക്വാറന്‍റീന്‍. ഇവർ പോസിറ്റീവ് ആയാൽ പിന്നെയും നീളും. ഇതിനാൽ ലക്ഷണം ഇല്ലാത്ത കൊവിഡ് പോസിറ്റീവ് അയവരെ ജോലി ചെയ്യിക്കാം എന്നായിരുന്നു ഉത്തരവ്. ഇവർക്കായി സിഎഫ്എൽടിസി പോലെ പ്രത്യേക സംവിധാനം ഒരുക്കണമെന്നും മറ്റുള്ളവരുമായി ഇടകലരാൻ ഇടവരരുതെന്നുമായിരുന്നു നിര്‍ദേശം.