പണിമുടക്കിയവരുടെ ശമ്പള ബിൽ പ്രത്യേകം തയ്യാറാക്കാനാണ് ചീഫ് അക്കൗണ്ട് ഓഫീസറുടെ നിർദ്ദേശം. സ്പാർക്ക് സെല്ലിന്‍റെ അനുമതി ലഭിച്ച ശേഷമേ പണിമുടക്കിയവരുടെ ശമ്പളം അനുവദിക്കാവൂ എന്നും യൂണിറ്റ് അധികാരികൾക്കും സോണൽ മേധാവികൾക്കും രേഖാമൂലം നിർദ്ദേശം നൽകി

തിരുവനന്തപുരം : മാസാദ്യം ശമ്പളം വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരോട് പ്രതികാര നടപടിയുമായി കെഎസ്ആർടിസി. പണിമുടക്കിയവരുടെ ഫെബ്രുവരി മാസത്തിലെ ശമ്പളം വൈകിപ്പിക്കാൻ യൂണിറ്റ് അധികാരികൾക്ക് നിർദേശം നൽകി. പണിമുടക്ക് ദിവസത്തെ ഡയസ്നോണിന് പുറമെയാണ് ഒരുമാസത്തെ ശമ്പളം ഒന്നാകെ വൈകിപ്പിക്കുന്നത്. ചീഫ് അക്കൗണ്ട് ഓഫീസറുടെ മെമ്മോറാണ്ടത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

കെ.എസ്.ആർ.ടിസിയിൽ ശമ്പളം വൈകിയതോടെയാണ് എല്ലാ മാസവും ആദ്യ ആഴ്ചയിൽ തന്നെ ശമ്പളം ആവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല സംഘടനയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കിയത്. പണിമുടക്കിനെ നേരിടാൽ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു. ഇത് കൊണ്ടുമാത്രം പണിമുടക്കിയവർക്കെതിരായ പ്രതികാരം കെ.എസ്.ആർ.ടിസി അവസാനിപ്പിക്കുന്നില്ല. പണിമുടക്കിയവരുടെ ശമ്പള ബിൽ പ്രത്യേകം തയ്യാറാക്കാനാണ് ചീഫ് അക്കൗണ്ട് ഓഫീസറുടെ നിർദ്ദേശം. സ്പാർക്ക് സെല്ലിന്‍റെ അനുമതി ലഭിച്ച ശേഷമേ പണിമുടക്കിയവരുടെ ശമ്പളം അനുവദിക്കാവൂ എന്നും യൂണിറ്റ് അധികാരികൾക്കും സോണൽ മേധാവികൾക്കും രേഖാമൂലം നിർദ്ദേശം നൽകി. ഇതോടെ പണിമുടക്കിയവരുടെ ശമ്പളം വൈകും.

കേരള സർവ്വകലാശാല രജിസ്ട്രാറർക്ക് പുനർനിയമനം നൽകാൻ സിൻഡിക്കേറ്റ് തീരുമാനം

അതേ സമയം, പണിമുടക്കാത്തവരുടെ ശമ്പള ബില്ലുകൾ കൃത്യസമയത്ത് തന്നെ നൽകണമെന്നും ചീഫ് അക്കൗണ്ട് ഓഫീസർ നിർദ്ദേശിക്കുന്നു. പണിമുടക്കിയവർക്കെതിരെ സർവ്വീസ് മുടക്കിയതിനും ബസിന് കേടുപാട് ഉണ്ടാക്കിയതിനും കേസ് എടുത്തിരുന്നു. ഗതാഗത മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പണിമുടക്കിയവർക്കുള്ള ഈ പണിയെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം തുടങ്ങുമെന്ന് ടിഡിഎഫ് മുന്നറിപ്പ് നൽകുന്നു. 

YouTube video player