ഇടുക്കി: ഇടുക്കി ഇരുകുട്ടിയിലെ അനധികൃത ക്വാറി അടച്ചുപൂട്ടാൻ ഉത്തരവ്. ക്വാറിയും ക്രഷറും വൈകുന്നേരത്തിനകം അടച്ചു പൂട്ടി സീൽ വയ്ക്കും. ജിയോളജി വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം അനധികൃത പാറ ഖനനത്തിന് പിഴ ഈടാക്കുമെന്നും ഇടുക്കി കളക്ടർ എച്ച് ദിനേശൻ അറിയിച്ചു. ജിയോളജി വകുപ്പിന്റെ സ്റ്റോപ്പ്‌ മെമ്മോ ലംഘിച്ചായിരുന്നു പാറ മടയുടെ പ്രവർത്തനം. ഏഷ്യാനെറ്റ്‌ ന്യൂസാണ് വാർത്ത പുറത്ത് കൊണ്ടുവന്നത്. 

കോടതി ഉത്തരവിനും സ്റ്റോപ്പ് മെമ്മോക്കും പുല്ലുവില നൽകി ദിവസം നൂറിലധികം ലോഡ് പാറയാണ് ഇവിടെ നിന്ന് പൊട്ടിച്ച് കടത്തിയിരുന്നത്. സുപ്രീംകോടതി ഉത്തരവും വന്യജീവി സങ്കേതത്തിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവിൽ ഖനനത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍രെ നിര്‍ദേശവും മറികടന്നായിരുന്നു ക്വാറിയുടെ പ്രവര്‍ത്തനം. സുപ്രീംകോടതിയുടെ നിർദ്ദേശത്തിന് പിന്നാലെ ഇടുക്കി വന്യജീവിസങ്കേതത്തിനടുത്തെ ഈ പാറമടക്ക് കഴിഞ്ഞ ഒക്ടോബറിലാണ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്. 

സ്റ്റോപ്പ് മെമ്മോ ലംഘിച്ചതിന് ക്വാറി ഉടമക്കെതിരെ നടപടിയെടുക്കാൻ രണ്ട് തവണ പൊലീസിനോടും വില്ലേജ് ഓഫീസറോടും ജിയോളജി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാറപൊട്ടിക്കുന്നില്ലെന്ന മറുപടിയാണ് ഇരുവരും കൊടുത്തത്. ക്വാറി ഉടമക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് സിപിഎം നേതാക്കളാണെന്നും നാട്ടുകാരുടെ ആരോപണം.