തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിന് ഏത് വിധേനയും നിയമപ്രാബല്യം നൽകാൻ ഓർഡിനൻസ് ഇറക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഭേദഗതി വരുത്തി ഓർഡിനൻസ് ഇറക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഏകീകരിച്ച നടപടികൾക്ക് അടക്കം നിയമപ്രാബല്യം ഉറപ്പാക്കി കേസുകൾ മറികടക്കാനാണ് സർക്കാർ നീക്കം. അതേ സമയം ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരായ സമരം തുടരുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ അറിയിച്ചു.

ഖാദർ കമ്മിറ്റി ശുപാർശ അനുസരിച്ചുള്ള പല സുപ്രധാന തീരുമാനങ്ങളും സർക്കാർ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഏകീകരിച്ചു. ഇവയെല്ലാം ഡിജിഇ എന്ന തസ്തികയ്‍ക്ക് കീഴിലാക്കി. ഡിപിഐ, ഹയർസെക്കണ്ടറി ഡയറക്ടർ, വൊക്കേഷനൽ എജുക്കേഷനൽ ഡയറക്ടർ എന്നീ തസ്തികകൾക്ക് പകരമാണ് ഡിജിഇ. ഹെഡ് മാസ്റ്റർ തസ്തിക വൈസ് പ്രിൻസിപ്പാൾ എന്നാക്കി.

മാറ്റങ്ങൾക്കായി കെഇആർ (Kerala Educational Rules) ഭേദഗതി ചെയ്ത് ജൂലൈയിൽ വിജ്ഞാപനമിറക്കി. ഇതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകളും ചില സ്കൂൾ മാനേജ്മെനറുകളും ഹൈക്കോടതിയെ സമീപിച്ചു. നിയമം ഭേദഗതി ചെയ്യാതെയുള്ള മാറ്റങ്ങളുടെ സാധുതയാണ് ഇവരെല്ലാം ചോദ്യം ചെയ്യുന്നത്. ഇതിലെല്ലാമെതിരെ നിയമപ്രാബല്യം ഉറപ്പാക്കാനാണ് പുതിയ ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.