മകൻ മരിച്ചെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്നാണ്‌ മറ്റൊൾക്ക് സഹായമാവട്ടെയെന്ന നിലയിൽ അവയവദാനത്തിന് സമ്മതിച്ചത്. 

കൊച്ചി: എറണാകുളം മൂവാറ്റുപുഴയിലെ എബിൻ്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഓമന. വാഹനാപകടത്തിൽ മരിച്ചെന്ന് റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്‌തെന്ന പരാതിയിൽ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ എറണാകുളം ഫസ്റ്റ് ക്ലാസ് I ജുഡീഷ്യൽ കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് അമ്മയുടെ ആവശ്യം. മകൻ മരിച്ചെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്നാണ്‌ മറ്റൊൾക്ക് സഹായമാവട്ടെയെന്ന നിലയിൽ അവയവദാനത്തിന് സമ്മതിച്ചത്. പുതിയ സാഹചര്യത്തില്‍ തന്നെ കബളിപ്പിക്കുകയായിരുന്നോയെന്ന് സംശയമുണ്ട്. മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു അന്ന് എന്നും ഓമന പറഞ്ഞു. ഇനി മറ്റൊൾക്കും തൻ്റെ ദുരവസ്ഥ ഉണ്ടാവരുതെന്നും ഓമന പറഞ്ഞു.

സംഭവത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. 2009 നവംബർ 29 നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്‍ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു.

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം; ലേക്‌ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമെതിരെ കേസ് 

യുവാവിനെ ചികിത്സയ്ക്കായി എത്തിച്ച രണ്ട് ആശുപത്രികളും, രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്‍റെ നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി. ഇതുകൂടാതെ ഒരു വിദേശിക്ക് അവയവം നൽകിയ നടപടി ക്രമങ്ങളിലും അപാകതയുണ്ടന്നും കോടതി കണ്ടെത്തി. 

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News