തിരുവനന്തപുരം: ജീവിച്ചിരിക്കേ ലാഭേച്ഛ ഇല്ലാതെ അവയവദാനത്തിനുള്ള സര്‍ക്കാര്‍ പദ്ധതി ഇതുവരെ നടപ്പായില്ല. ദാതാവും സ്വീകര്‍ത്താവും പരസ്പരം അറിയാതെ തികച്ചും സൗജന്യമായി അവയവദാനത്തിന് അവസരം ഒരുക്കുന്നതായിരുന്നു പുതിയ പദ്ധതി. ഉത്തരവിറങ്ങിയതല്ലാതെ ഒരു പടിപോലും മുന്നോട്ട് പോകാൻ സര്‍ക്കാരിനാകാതെ വന്നതോടെ അവയവ കച്ചവട മാഫിയ കൂടുതല്‍ സജീവമാകുകയായിരുന്നു.

ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനത്തിന്‍റെ മറവില്‍ നടക്കുന്നത് ലക്ഷങ്ങളുടെ കൊള്ളയെന്ന് ആരോഗ്യവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജീവിച്ചിരിക്കെ ലാഭേച്ഛ ഇല്ലാതെ അവയവദാനം ചെയ്യാനുളളവരെ കണ്ടെത്താനും ദാതാവും സ്വീകര്‍ത്താവും പരസ്പരം അറിയാതെ തന്നെ അവയവദാനം നടത്താനും സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവ് അനുസരിച്ച് ജീവിച്ചിരിക്കെ അവയവദാനത്തിന് തയ്യാറാകുന്നവരെ കണ്ടെത്താൻ പരസ്യം നല്‍കും. താല്‍പര്യമുള്ളവര്‍ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്യണം. അതിനുശേഷം സ്വീകര്‍ത്താക്കളുടെ കൂടി പരിശോധന നടത്തി ഉചിതമായവരെ കണ്ടെത്തും. എന്നാൽ ദാതാവോ സ്വീകര്‍ത്താവോ ആരാണെന്ന് പരസ്പരം അറിയില്ല. പണമിടപാട് തീര്‍ത്തും ഒഴിവാക്കുന്ന അവസ്ഥ. അതേസമയം ദാതാവിന്‍റെ തുടര്‍ ചികില്‍സയെല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യും.. 2018 ഫെബ്രുവരി 15- ന് ഇറങ്ങിയ ഉത്തരവ് പക്ഷേ, ഫയലുകളിലുറങ്ങി.

ജീവിച്ചിരിക്കുന്നവരിലെ അവയവദാനത്തിനുള്ള നടപടിക്രമങ്ങള്‍ താരതമ്യേന എളുപ്പമാണ്. ദാതാവ് പണം പ്രതീക്ഷിച്ചല്ല അവയവദാനം നടത്തുന്നതെന്ന് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ വ്യക്തമാക്കുകയും ആരോഗ്യം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്താൽ അവയവം ദാനം ചെയ്യാം. അതുകൊണ്ടുതന്നെ ഒരു ബന്ധവുമില്ലാത്തവര്‍ മെഡിക്കല്‍ ബോര്‍ഡിനു മുന്നിലെത്തിയാൽ ഇത്തരത്തില്‍ നിലപാടെടുത്ത് ആ കടമ്പ കടക്കും.

സർക്കാർ അലംഭാവം തുടർന്നാൽ അവയവമാഫിയ ഇനിയും നാട്ടിൽ വിലസുന്നത് തുടരും. നിയമത്തിലെ പഴുതുകളും സർക്കാരിന് ഇടപെടാനുള്ള പരിമിതികളും അവർക്ക് തന്നെയാണ് അനുകൂലം.