നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരവും എക്സിബിഷനും ഉപേക്ഷിക്കാനാണ് സംഘാടക സമിതിയുടെ നീക്കം.  

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം എക്സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി. എക്സിബിഷന് ഓൺലൈൻ ബുക്കിങ്ങ് എന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്നാണ് സംഘാടക സമിതി പറയുന്നത്. ഇതിൽ പ്രതിഷേധിച്ച് ജില്ലാകളക്ടർ വിളിച്ച യോഗം സംലാടക സമിതി ബഹിഷ്കരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഴ്ച്ചകൾ നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് പൂരവും എക്സിബിഷനും നടത്താൻ സർക്കാർ അനുമതി നൽകിയത്. ഇതനുസരിച്ച് എക്സിബിഷൻ ആരംഭിക്കാൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. കൊവിഡിന്‍റെ രണ്ടാം തരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എക്സിബിഷന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്നാണ് ജില്ലാമെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്.

ഓൺലൈൻ ബുക്കിംഗ് വഴി ദിനംപ്രതി 200 സന്ദർശകർക്കേ എക്സിബിഷന് അനുമതിയുള്ളു. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് സംഘാടക സമിതി. ഓൺലൈൻ ബുക്കിങ്ങ് വഴി സന്ദര്‍ശകരെ കയറ്റണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശം അംഗീകരിക്കില്ല. പൂരത്തെ തകർക്കാനുള ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം ഉപേക്ഷിക്കണം. നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരം ഉപേക്ഷിക്കുമെന്നും സംഘാടക സമിതി വ്യക്തമാക്കി. 

സാധാരണ പൂരം എക്സിബിഷന് ദിനംപ്രതി ആയിരക്കണക്കിന് സന്ദർശകരാണ് എത്തുക. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് തൃശൂർ പൂരം നടത്തിപ്പിന് സംഘാടക സമിതി തുക കണ്ടെത്തുന്നത്. എക്സിബിഷന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാൽ പൂരം നടത്തിപ്പിന്നെ തന്നെ ബാധിക്കുമെന്നാണ് സംഘാടക സമിതിയുടെ നിലപാട്.