കൊച്ചി: മുഖ്യമന്ത്രിയുടെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് വ്യാജരേഖ ചമയ്ക്കാന്‍ ശ്രമിച്ചത് കേരള ആഭ്യന്തര സെക്രട്ടറിയാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. ചര്‍ച്ചയില്‍ നടന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമായി മിനിട്‌സില്‍ രേഖപ്പെടുത്തിയിരിക്കെ, ഇതിന് വിരുദ്ധമായി പാത്രിയാര്‍ക്കീസ് വിഭാഗത്തെ പിന്തുണയ്ക്കുന്ന തരത്തില്‍ വ്യാജ സത്യവാങ്മൂലം കൊടുത്തത് ഓര്‍ത്തഡോക്‌സ് സഭയല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കോടതി വിധികൾക്കെതിരെ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് തെരുവുയുദ്ധത്തിന് ആഹ്വാനം ചെയ്യുന്നത് രാജ്യത്തോടും ഇന്ത്യന്‍ ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. തര്‍ക്കമുണ്ടായപ്പോള്‍ കോടതിയെ സമീപിച്ച വാദിഭാഗം തന്നെ പരമോന്നത നീതിപീഠത്തിന്റെ തീര്‍പ്പ് അംഗീകരിക്കാത്തത് വിചിത്രമാണ്. രാജ്യത്തെ ഭരണകൂടങ്ങള്‍ അനുവദിക്കാൻ പാടില്ലാത്ത പ്രവണതയാണിത്. പാത്രിയര്‍ക്കീസ് വിഭാഗം ഇപ്പോഴും, വീണ്ടും വീണ്ടും കേസുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാ കേസുകളിലും തോറ്റിട്ടും തോല്‍വി ആംഗീകരിക്കാനാവാത്തതാണ് സഭയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കാത്തതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകളും, ദശാബ്ദങ്ങളും മുമ്പ്, സഭയില്‍ തര്‍ക്കമില്ലാതിരുന്ന കാലത്ത് നിര്‍മ്മിച്ച പള്ളികള്‍ തങ്ങളുടെത് മാത്രമാണെന്ന പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ സിദ്ധാന്തം ഇനി വിലപ്പോവില്ല. കോടതികളുടെ തീര്‍പ്പുകള്‍ നടപ്പാക്കുന്നത് താമസിപ്പിക്കുവാൻ മാത്രമാണ് പാത്രിയാര്‍ക്കീസ് വിഭാഗം ചര്‍ച്ചകള്‍ കൊണ്ട് ശ്രമിക്കുന്നത്. ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്‌സ് സഭ പിന്മാറിയതിനെ കുറ്റപ്പെടുത്തിയവര്‍, ഇനി യാതൊരു യോജിപ്പുമില്ല എന്നു പ്രഖ്യാപിച്ചത് വിചിത്രം. തങ്ങള്‍ക്ക് അനുകൂലമായ കരാറുകളും വിധികളും മാത്രം അംഗീകരിക്കാമെന്ന പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ നിലപാട് ക്രിസ്തീയതയ്ക്കു യോജിച്ചതാണോ? കോവിഡ് 19 നിബന്ധനകള്‍ നിലവിലുള്ള കാലത്ത് കൂട്ടം കൂടുവാനും തെരുവിലിറങ്ങി പ്രതിഷേധിക്കവാനും ആഹ്വാനം ചെയ്യുന്നതാണോ ക്രിസ്തീയത? പള്ളികളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നതും പള്ളിക്കു ചുറ്റും കിടങ്ങു കുഴിക്കുന്നതും ആവും വിധമെല്ലാം പള്ളികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതും, ക്രിസ്തീയതയുടെ ഭാഗമാണോയെന്നും അദ്ദേഹം ചോദിച്ചു.

ഓര്‍ത്തഡോക്‌സ് സഭയുമായുളള സകല ബന്ധവും  വിച്ഛേദിച്ചിരിക്കുന്നു എന്ന് രേഖാമൂലം പ്രഖ്യാപിക്കുമ്പോള്‍ തന്നെ, സഹോദരീ സഭകളായി തുടരാം എന്നു പറയുന്നത് വിരോധാഭാസമാണ്. അവസരം കിട്ടുമ്പോഴെല്ലാം ഓര്‍ത്തഡോക്‌സ് സഭയെ ചെളിവാരി എറിയുവാന്‍ ശ്രമിച്ചിട്ട് സഹോദരീ സഭകളായി കഴിയാന്‍ സാധിക്കുന്നത് എങ്ങിനെ? കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനകാലത്തു ചെയ്തതുപോലെ സായുധസമരം നടത്തി ചോരപ്പുഴ ഒഴുക്കാനാണ് പദ്ധതിയെങ്കില്‍ സഹിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ ഒരുങ്ങിക്കഴിഞ്ഞു. അനാവശ്യമായ കാര്യങ്ങള്‍  പറഞ്ഞ് ജനത്തെ ഇളക്കി കേരളത്തിലെ പൊതുസമൂഹത്തിന്റെ സമാധാനം കെടുത്താനുള്ള ഉപാധിയായി മാത്രമേ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ സമര ആഹ്വാനത്തെ കാണാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.