കൊച്ചി: സഭാ തർക്കം പരിഹരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയ്യെടുത്ത് നടത്തുന്ന ഒത്തുതീർപ്പ് ചർച്ചകളിൽ നിന്നും പിൻമാറുന്നതായി ഓർത്തഡോക്സ് സഭ അറിയിച്ചു. ഒറ്റപ്പെട്ട ചർച്ചകൾ ഒന്നിനും പരിഹാരമല്ലെന്നും യാക്കോബായ സഭ ചർച്ചകൾക്ക് തുരങ്കം വയ്ക്കുകയാണെന്നും ആരോപിച്ചാണ് ഓർത്തഡോക്സ് സഭ ചർച്ചകളിൽ നിന്നും പിന്മാറുന്നത്. 

മുഖ്യമന്ത്രിയുമായ നടത്തിയ ചർച്ചയിലെ മിനിട്സിന് വിരുദ്ധമായ കാര്യങ്ങളാണ് സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയത്. 1934-ലെ വിധി അംഗീകരിച്ചെങ്കിൽ മാത്രമേ ചർച്ച കൊണ്ട് കാര്യമുള്ളൂ  എന്നാണ് മുഖ്യമന്ത്രിയെ സഭ അറിയിച്ചത്. കോടതി വിധി നടപ്പാക്കേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ട്. എല്ലായിടത്തും ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നത് യാക്കോബായ പക്ഷമാണ്. 

ഒറ്റപ്പെട്ട ചർച്ചകൾ ഒന്നിനും പരിഹാരമല്ല. കോടതി തീരുമാനം നടപ്പാക്കിയ ശേഷം മാത്രമേ ഇനി ഓർത്തഡോക്സ് സഭ ചർച്ചയ്ക്ക് തയ്യാറുള്ളൂ. യാക്കോബായ സഭ ചർച്ചകൾക്ക് തുരങ്കം വയ്ക്കുന്ന സാഹചര്യമാണുള്ളത്. ഉദ്യോഗസ്ഥർ ചെയ്യുന്നതൊന്നും  മുഖ്യമന്ത്രി കാണുന്നില്ലേയെന്നാണ് സംശയം.

എറണാകുളം ജില്ലാ കളക്ടർ കൊവിഡുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്മൂലം വലിയ തമാശയാണെന്നും കോതമംഗംലം പള്ളിയിൽ ഉണ്ടായ ആൾക്കൂട്ടം കളക്ടർ കണ്ടില്ലേയെന്നും ഓർത്തഡോക്സ് സഭ വിമർശിക്കുന്നു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഓർത്തഡോക്സ് സഭ പറഞ്ഞ പല കാര്യങ്ങളുമില്ലെന്നും യാക്കോബായ സഭ പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അവർ പരാതിപ്പെടുന്നു. 

മുഖ്യമന്ത്രിയുടെ അറിവോടെയാണോ സത്യവാങ്മൂലം നൽകിയത് എന്ന കാര്യത്തിൽ സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കാൻ സർക്കാർ തയ്യാറാവണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അറിയാതെ പല കാര്യങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം കോതമംഗലം പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ്ഹർജിയിലെ ആവശ്യം. 

സഭ തർക്കവുമായി ബന്ധപ്പെട്ടുള്ള 2017ലെ സുപ്രീം കോടതി വിധി കോതമംഗലം  പള്ളിക്ക് ബാധകമല്ലെന്നും ഹർജിയിൽ പറയുന്നു. ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും. കോതമംഗലം ചെറിയപള്ളി ഇടവകക്കാരായ യാക്കോബായ വിശ്വാസികളാണ് ഹര്‍ജിക്കാര്‍.