നവകേരള സർവ്വേയിലെ ഹൈക്കോടതി പരാമർശങ്ങളിൽ വെട്ടിലായി സിപിഎം. സർവ്വേ നടത്താനുള്ള തീരുമാനം സംസ്ഥാന സർക്കാർ എടുക്കുന്നതിന് മുൻപ് തന്നെ പാർട്ടി സെക്രട്ടറി അവരുടെ കേഡർമാർക്ക് കത്തയച്ചെന്ന് കോടതി നിരീക്ഷിച്ചു. 

കൊച്ചി: നവകേരള സർവ്വേ സംബന്ധിച്ച് ഹൈക്കോടതി നടത്തിയ പരാമർശങ്ങളിൽ വെട്ടിലായി സിപിഎം. സർവ്വെയെ കുറിച്ച് പാർട്ടിക്ക് മുൻകൂർ അറിവുണ്ടായിരുന്നെന്നും സർക്കാർ ഉത്തരവ് വരുന്നതിന് മുൻപ് പാർട്ടി സെക്രട്ടറി കേഡർമാർക്ക് കത്ത് അയച്ചെന്നുമാണ് കോടതിയുടെ നിരീക്ഷണം. കേസിൽ കക്ഷി ചേർത്ത എംവി ​ഗോവിന്ദന്റെ മറുപടി തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു.

സ്പെഷ്യൽ പിആർ കാമ്പയിനിന്റെ പേരിൽ 20 കോടി രൂപ അനുവദിച്ചതിൽ റൂൾസ് ഓഫ് ബിസിനസിന്റെ ചട്ടലംഘനം ഉണ്ടായതായി വിലയിരുത്തിക്കൊണ്ടാണ് ഹൈക്കോടതി നവകേരള സർവ്വേ റദ്ദാക്കുന്നത്. പണം അനുവദിച്ചത് ചട്ടലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ സർവ്വേ നടത്തിയ രീതിയിലും കോടതി സംശയം പ്രകടിപ്പിച്ചു. 2025 ഒക്ടോബർ 8നാണ് നവകേരള സർവ്വേ നടത്താനുളഅള തീരുമാനം സംസ്ഥാന സർക്കാരിന്റെ മന്ത്രിസഭ എടുക്കുന്നത്. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് തന്നെ പാർട്ടി സെക്രട്ടറി അവരുടെ കേഡർമാർക്ക് ഒരു കത്തയച്ചു. ഈ കത്ത് ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് തള്ളിക്കളയാൻ ആകില്ലെന്നും കോടതി വിലയിരുത്തി.

സർവ്വേ നടത്താനുള്ള തീരുമാനം സംസ്ഥാന സർക്കാർ എടുക്കുന്നതിന് മുൻപ് തന്നെ പാർട്ടി സെക്രട്ടറി അവരുടെ കേഡർമാർക്ക് കത്തയക്കുകയായിരുന്നു. സർവ്വേക്ക് വേണ്ടിയുള്ള പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അയച്ചിട്ടുള്ളത്. സിപിഎം അണികളെ രഹസ്യമായി കയറ്റാനുള്ള ഒരു നീക്കം പാർട്ടി നടത്തിയതിൽ സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് കോടതി പറഞ്ഞത്. എംവി ​ഗോവിന്ദനെ കൂടി ഈ കേസിൽ കക്ഷി ചേർത്തിരുന്നു. പക്ഷേ, പാർട്ടി സെക്രട്ടറി നൽകിയ സത്യാവങ് മൂലം തൃപ്തികരമല്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming