സുപ്രീംകോടതി വിധി മറികടക്കാതെ പരമാവധി രമ്യതയില്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിയമ നിര്‍മ്മാണത്തിനുള്ള ശ്രമം

കോട്ടയം: പള്ളി തർക്കത്തിലെ നിയമ നിർമ്മാണത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ട് എതിർപ്പറിയിച്ച് ഓർത്തഡോക്സ് പക്ഷം. കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സഭാ സെക്രട്ടറി ബിജു ഉമ്മൻ,സിനഡ് സെക്രട്ടറി മെത്രാപ്പോലീത്ത അത്മായ സെക്രട്ടറി റോണി വർഗീസ് എന്നിവരടങ്ങുന്ന സഭാ പ്രതിനിധികളാണ് പാർട്ടി സെക്രട്ടറിയെ കണ്ടത്. നിലപാട് പാർട്ടി സെക്രട്ടറിയെ അറിയിച്ചതായി ഓർത്തഡോക്സ് സഭ വിശദമാക്കി. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു.

സഭാതർക്കത്തിൽ നിയമനിർമാണത്തിനൊരുങ്ങുന്ന സർക്കാർ നീക്കത്തിനെതിരെ ഞായറാഴ്ച പള്ളികളിൽ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധ ദിനം ആചരിക്കും. തീരുമാനത്തിനെതിരെ തിങ്കളാഴ്ച തലസ്ഥാനത്ത് വൈദികരുടെ ഉപവാസ പ്രതിഷേധം നടക്കും. മുൻപും സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിയമ നിര്‍മാണ സാധ്യത പരിഗണിച്ചിരുന്നെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗം വലിയ എതിര്‍പ്പ് വ്യക്തമാക്കിയതിന് പിന്നാലെ തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

ആരാധനാ സ്വാതന്ത്ര്യവും പള്ളിയുടെ ഉടമസ്ഥാവകാശവും രണ്ടായി കണക്കാക്കിയുള്ള നിയമ നിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുപ്രീംകോടതി വിധി മറികടക്കാതെ പരമാവധി രമ്യതയില്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിയമ നിര്‍മ്മാണത്തിനുള്ള ശ്രമം. ഓരോ പള്ളിക്ക് കീഴിലും ഇരുവിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസമനുസരിച്ച് ആരാധന നടത്താം എന്നാണ് കരട് ബില്ലില്‍ വിശദമാക്കുന്നത്.

ഇതിനാല്‍ ഇരു വിഭാഗങ്ങളില്‍ ആര്‍ക്കാണ് പള്ളിയില്‍ ഭൂരിപക്ഷം എന്നത് വിഷയമാകില്ല. ഇതില്‍ തര്‍ക്കമുണ്ടായാല്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരടങ്ങുന്ന സമിതി രൂപവത്ക്കരിക്കും. ഇവരുടെ തീരുമാനത്തില്‍ തര്‍ക്കമുണ്ടായാല്‍ 30 ദിവസത്തിനകം സര്‍ക്കാരിന് അപ്പീല്‍ നല്‍കാമെന്നും കരട് ബില്ല് വിശദമാക്കുന്നു. ഓര്‍ത്തഡോക്സ് സഭയുടെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ നിയമ നിർമ്മാണത്തിനുള്ള സർക്കാർ നിലപാട് സ്വാഗതം ചെയ്യുകയാണ് യാക്കോബായ വിഭാഗം.