കൊച്ചി: പളളിത്തർക്കത്തിൽ യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങളുമായുളള  സർക്കാരിന്‍റെ മധ്യസ്ഥ ചർച്ചകൾ തുടരുന്നതിൽ അനിശ്ചിതത്വം. തുടർച്ചർച്ചകളിൽ മുഖ്യമന്ത്രിയുടെ മധ്യസ്ഥതതയ്ക്ക് പകരം മറ്റ് സഭാധ്യക്ഷൻമാരെയോ റിട്ട . ‍ഹൈക്കോടതി ജഡ്ജിയേയോ പങ്കെടുപ്പിക്കാമെന്നാണ് സർക്കാർ മുന്നോട്ടുവെച്ച നിർദേശം. യാക്കോബായ സഭ ഇക്കാര്യം അംഗീകരിക്കുന്നുണ്ടെങ്കിലും ഓർത്ത‍ഡോക്സ് വിഭാഗം സമ്മതം മൂളിയിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഇരുവിഭാഗവുമായും തലസ്ഥാനത്ത് വെച്ച് രണ്ട് തവണ ചർച്ച നടത്തിയിരുന്നു. ഈ യോഗങ്ങളിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിലും ചർച്ചകൾ തുടരാനായിരുന്നു ധാരണ. 1934 ലെ സഭാ ഭരണ ഘടന അംഗീകരിക്കണമെന്നും പളളിക്കാര്യത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നുമുളള നിലപാടിൽ മാറ്റമില്ലെന്ന് ഓർത്തഡോക്സ് സഭ അറിയിച്ചിരുന്നു. ഇതിനിടെയാണ് തുടർ ചർച്ചകളിൽ നിന്ന് മുഖ്യമന്ത്രി തൽക്കാലത്തേക്ക് ഒഴിവുകയായാണെന്ന് ഇരു സഭകളേയും സർക്കാർ അറിയിച്ചത്. മുന്നോട്ടുളള ചർച്ചകൾക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നതിൽ മുഖ്യമന്ത്രിയ്ക്കുളള  പ്രായോഗിക ബുദ്ധിമുട്ടാണ് അറിയിച്ചത്. 

എതെങ്കിലും റിട്ട ഹൈക്കോടതി ജഡ്ജിയുടെയോ മറ്റെതെങ്കിലും സഭാ മേലധ്യക്ഷൻമാരുടെയോ മധ്യസ്ഥതതയിൽ ചർച്ച തുടരാമെന്നാണ് സർക്കാർ നി‍ർദേശം. സർക്കാർ നിർദേശിക്കുന്ന ഏതുവിധത്തിലുളള ചർച്ചയ്ക്കും തയാറാണെന്നും നിർദേശത്തെ സ്വാഗതം ചെയ്യുന്നതായും യാക്കോബായ സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് അറിയിച്ചു. എന്നാൽ മറ്റ് സഭാ മേലധ്യക്ഷൻമാരുടെ മധ്യസ്ഥതതയിലുളള ചർച്ചകൾക്ക് ഓർത്ത‍ഡോക്സ് സഭയ്ക്ക് താൽപര്യമില്ലെന്നാണ് സൂചന. മാത്രവുമല്ല സുപ്രീംകോടതി ഉത്തരവിൽ വെളളം ചേർത്തുകൊണ്ടുളള ധാരണകളോടും യോജിപ്പില്ല.

ചർച്ചകൾതുടരുന്നതിനിടെ പാത്രയർക്കീസ് ബാവയയേും ഓർത്തഡോക്സ് സഭാധ്യക്ഷനേയും തുല്യസ്ഥാനീയരായി കണക്കാക്കാനാകില്ലെന്ന യാക്കോബായ സഭാ വർക്കിങ് കമ്മിറ്റിയുടെ പ്രസ്താവനയിലും ഓർത്തഡോക്സ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. കോതമംഗലം, മണർകാട് അടക്കമുളള പളളികളുടെ കാര്യത്തിൽ സുപ്രീംകോടതി നടപ്പാക്കിക്കിട്ടാൻ  ഓർത്ത‍ഡോക്സ് സഭ നീക്കങ്ങൾ ശക്തമാക്കിയതോടെയാണ് സർക്കാർ തന്നെ മധ്യസ്ഥത ചർച്ചകൾക്ക് മുൻകൈയെടുത്തത്.