എറണാകുളം: ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ സുപ്രീംകോടതി വിധിക്ക് പിന്നാലെ എറണാകുളം കണ്ടനാട് സെന്‍റ് മേരീസ് പള്ളിയിൽ യാക്കോബായ - ഓർത്തഡോക്സ് തർക്കം. ഓർത്തഡോക്സ് വികാരിയെ ഒരു സംഘം യാക്കോബായ വിശ്വാസികൾ പള്ളിയിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി. തർക്കത്തെ തുടർന്ന് സബ് കളക്ടർ എത്തി പള്ളി പൂട്ടി.

യാക്കോബായ ഓർത്തഡോക്സ് തർക്കത്തെ തുടർന്ന് ഓരോ ആഴ്ച  ഇടവിട്ടാണ് ഇരുവിഭാഗങ്ങൾക്കും പതിറ്റാണ്ടുകളായി പള്ളിയിൽ ആരാധനയ്ക്ക് സൗകര്യം നൽകിയിരുന്നത്. ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നെങ്കിലും തൽസ്ഥിതി തുരാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കി. ഇതോടെയാണ് പള്ളയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. 

പ്രാർത്ഥനയ്ക്കായെത്തിയ യാക്കോബായ വിഭാഗത്തെ ഓർത്തഡോക്സ് വിഭാഗം തടയുകയായിരുന്നു. വൈദികന്‍റെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയുടെ അകത്ത് നിലയുറപ്പിച്ചു. വാതിലിന്‍റെ പൂട്ട് തകർത്ത് പള്ളിയുടെ അകത്ത് പ്രവേശിച്ച  യാക്കോബായ വിഭാഗം ഓർത്തഡോക്സ് വൈദികനായ ഐസക് മട്ടുമ്മേലിനെ ബലം പ്രയോഗിച്ച് പുറത്താക്കി. തർക്കത്തിനിടെ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

യാക്കോബായ വിഭാഗത്തിലെ പത്തോളം ആളുകളെയും പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് പൊലീസും തഹസിൽദാരും സ്ഥലത്ത് എത്തിയിരുന്നു. രാവിലെ പ്രാർത്ഥനയ്ക്കായി പള്ളി തുറന്ന് നൽകാമെന്ന് സബ് കളക്ടർ  ഉറപ്പ് നൽകിയതിനെ തുടർന്ന് യാക്കോബായ വിഭാഗം പള്ളിയിൽ നിന്ന് പിരിഞ്ഞു പോയി.