കൊച്ചി: പുത്തൻ കുരിശിലെ സെന്‍റ് പീറ്റേഴ്സ് ആന്‍റ് പോൾസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി സംഘർഷം. കൊച്ചി സ്വദേശിയുടെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് ഓർത്തഡോക്സുകാർ തടഞ്ഞു. സെമിത്തേരി ഗേറ്റ് തുറന്നു തരണമെന്ന യാക്കോബായക്കാരുടെ ആവശ്യം ഓർത്തഡോക്സുകാർ തള്ളുകയായിരുന്നു. ഇതേത്തുടർന്ന് യാക്കോബായ വിഭാഗം പള്ളി സെമിത്തേരിയുടെ ഗേറ്റ് പൊളിച്ച് അകത്തു കയറി.

വി കെ പൗലോസ് (65) എന്ന കൊച്ചി സ്വദേശിയുടെ മൃതദേഹമാണ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ കൊണ്ടുവന്നത്. തൊട്ടടുത്ത് തന്നെയുള്ള യാക്കോബായ ചാപ്പലിൽ പ്രാർത്ഥനകളും ശുശ്രൂഷകളും നടത്തിയ ശേഷമാണ് മൃതദേഹം സംസ്കരിക്കാനായി പള്ളിയിലെത്തിച്ചത്. പള്ളി സുപ്രീംകോടതി ഉത്തരവ് പ്രകാരം ഓർത്തഡോക്സ് വിഭാഗക്കാരുടെ കയ്യിലാണ്. ആംബുലൻസിൽ മൃതദേഹം പുറത്തുണ്ടെന്നും, സെമിത്തേരി ഗേറ്റ് തുറന്ന് തരണമെന്നും യാക്കോബായക്കാർ പള്ളി അധികൃതരോട് ആവശ്യപ്പെട്ടു. 

ഓർത്തഡോക്സ് വിഭാഗം വൈദികനോട് സംസ്കാരച്ചടങ്ങുകൾ നടത്തിത്തരണമെന്ന് ഇവർ നേരത്തേ പറഞ്ഞിരുന്നതാണ്. അത് ചെയ്ത് തരാമെന്ന് വൈദികൻ പറഞ്ഞിരുന്നതായും വിവരമുണ്ട്. എന്നാൽ പള്ളിയിൽ ഔദ്യോഗികമായി ഇത് ആവശ്യപ്പെട്ടിരുന്നില്ല. 


ഉച്ചയ്ക്ക് ശേഷം ഇവർ മൃതദേഹവുമായി എത്തിയപ്പോൾ, ഗേറ്റ് തുറന്ന് തരില്ലെന്നും ഇപ്പോൾ ഇവിടെ മൃതദേഹം സംസ്കരിക്കാനാകില്ലെന്നുമായിരുന്നു പള്ളി അധികൃതരുടെ മറുപടി. ഇതോടെയാണ് യാക്കോബായക്കാർ പ്രകോപിതരായത്.

ഇന്നലെ വരെ പള്ളി സെമിത്തേരിക്ക് ഗേറ്റ് ഇല്ലായിരുന്നെന്നും, ഇപ്പോഴാണ് ഗേറ്റ് സ്ഥാപിച്ചതെന്നും യാക്കോബായ വിഭാഗം ആരോപിക്കുന്നു. 

പള്ളിക്ക് മുന്നിൽ കൊടിയുമായി എത്തി പ്രതിഷേധിച്ച യാക്കോബായക്കാരിൽ ചിലർ പള്ളി സെമിത്തേരിയുടെ ഗേറ്റ് ചുറ്റിക ഉപയോഗിച്ച് പൊളിച്ചു. അകത്ത് കയറി സംസ്കാരച്ചടങ്ങുകളും നടത്തി. 

പൊലീസ് സ്ഥിതി നിയന്ത്രിക്കാൻ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ സംഘർഷം നിയന്ത്രണവിധേയമാണ്.