Asianet News MalayalamAsianet News Malayalam

ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ അന്തരിച്ചു

മൃതദേഹം വൈകിട്ട് ആറു വരെ പരുമല സെമിനാരിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തേക്ക് കൊണ്ടു പോകും

orthodox primate catholicos baselios marthoma paulose dies
Author
Kochi, First Published Jul 12, 2021, 3:33 AM IST
  • Facebook
  • Twitter
  • Whatsapp

എറണാകുളം: ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (75) അന്തരിച്ചു. അര്‍ബുദ ബാധിതനായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെയാണ് ബാവ കാലംചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ സ്ഥിതി മോശമായിരുന്ന ബാവയുടെ ചികിത്സ വെന്‍റിലേറ്ററിലായിരുന്നു തുടർന്നിരുന്നത്. തിങ്കളാഴ്ച പുലർച്ചെ 2.35 നാണ് അദ്ദേഹം കാലം ചെയ്തത്.

മൃതദേഹം വൈകിട്ട് ആറു വരെ പരുമല സെമിനാരിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ വൈകിട്ട് 3ന് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടത്തുക.

തൃശൂര്‍ ജില്ലയിലെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെഐ ഐപ്പിന്‍റെയും കുഞ്ഞീറ്റയുടേയും മകനായി 1946 ഓഗസ്റ്റ് 30-നാണ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ജനനം. തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍ നിന്ന് ബിഎസ് സിയും കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് എംഎയും കരസ്ഥമാക്കിയ അദ്ദേഹം 1973-ലാണ് ശെമ്മാശപ്പട്ടവും വൈദീകപ്പട്ടവും നേടുന്നത്.

പിന്നീട് സഭയുടെ നേതൃത്വത്തിലേക്ക് പടിപടിയായി ഉയർന്ന അദ്ദേഹം 2010 നവംബര്‍ ഒന്നിന്  ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് സഭാധ്യക്ഷനായി. ലോകമെമ്പാടുമുള്ള മുപ്പത് ലക്ഷം വരുന്ന ഓര്‍ത്തഡോക്സ് സമൂഹത്തിന്‍റെ മെത്രാപ്പൊലീത്തയും കാതോലിക്കയുമായിരുന്നു ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയൻ.

സഭാധ്യക്ഷ സ്ഥാനം ഏറ്റെടുത്ത കാലം മുതൽ വലിയ ബാവ നേരിട്ട പ്രധാന വെല്ലുവിളി ഓര്‍ത്തഡോക്സ് – യാക്കോബായ തര്‍ക്കമായിരുന്നു. സഭാ തർക്കത്തിൽ സഭയുടെ നിലപാടുകൾ പൊതുസമൂഹത്തിൽ ശക്തമായി അവതരിപ്പിക്കാനും പിന്തുണ നേടാനും ബാവ നിരന്തരം പ്രയത്നിച്ചു. പതിറ്റാണ്ടുകൾ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധികിട്ടിയിട്ടും പള്ളി ഏറ്റെടുത്ത് നല്‍കാത്ത സര്ക്കാരുകളെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചിരുന്നു.

സഭയ്ക്ക് നീതി കിട്ടിയില്ലെന്ന് തോന്നിയാൽ ഇടത് - വലത് വ്യത്യാസമില്ലാതെ അദ്ദേഹം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിമർശിക്കുമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പിന്തുണ തേടി ദേവലോകത്ത് എത്തുന്ന രാഷ്ട്രീയക്കാരോടെല്ലാം സഭ നേരിടുന്ന അനീതികളെക്കുറിച്ച് ബാവ പരാതിപ്പെടും. സഭയോട് അനീതി കാട്ടിയവര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ നിലപാടെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുമായിരുന്നു. സഭയിൽ ഭിന്നതയും തർക്കങ്ങളുമില്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച ബാവ തൻ്റെ ഏത് പ്രസംഗത്തിലും സഭാ ഐക്യം ഊട്ടിയുറപ്പിക്കുന്നതും സഭയോടുള്ള അനീതിയെ തുറന്ന് കാട്ടുന്നതുമായ സന്ദേശം നൽകുമായിരുന്നു.

2019 ഡിസംബറിലാണ് ബാവയ്ക്ക് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. പിന്നീട് വിദേശത്തും മറ്റുമായി ചികിത്സയ്ക്കായി നിരവധി യാത്രകൾ അദ്ദേഹം നടത്തി. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ഒരു വർഷമായി സഭയുടെ നിയന്ത്രണത്തിലുള്ള പരുമല ആശുപത്രിയിലായിരുന്നു ബാവയുടെ താമസം. തൻ്റെ ആരോഗ്യനില മോശമായതിനാൽ പിൻഗാമിയെ കണ്ടെത്താൻ സഭയുടെ കഴിഞ്ഞ സിനഡിൽ ബാവ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രാഥമിക നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ബാവയുടെ വിയോഗം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios