Asianet News MalayalamAsianet News Malayalam

വിട പറയുന്നത് അടിസ്ഥാന മൂല്യങ്ങൾ മുറുകെപ്പിടിച്ച് ഓർത്തഡോക്സ് സഭയെ നയിച്ച കാതോലിക്കാ ബാവാ

ലോകമെമ്പാടുമുള്ള മുപ്പത് ലക്ഷം വരുന്ന ഓര്‍ത്തഡോക്സ് സമൂഹത്തിന്‍റെ മെത്രാപ്പൊലീത്തയും കാതോലിക്ക ബാവയുമായിരുന്നു ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയൻ. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള മലങ്കര സഭാ തര്‍ക്കമായിരുന്നു ചുമതല ഏറ്റെടുക്കുമ്പോള്‍ മുതല്‍ ബാവ നേരിട്ട വലിയ വെല്ലുവിളി.
 

orthodox sabha head catholicos baselios marthoma paulose obit life history
Author
Ernakulam, First Published Jul 12, 2021, 6:39 AM IST

കോട്ടയം: അടിസ്ഥാന മൂല്യങ്ങളെ മുറുകെപ്പിടിച്ച് ഓര്‍ത്തഡോക്സ് സഭയെ നയിച്ചയാളാണ് അന്തരിച്ച ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. ഓര്‍ത്തഡോക്സ് - യാക്കോബായ തര്‍ക്കങ്ങളില്‍ സഭയുടെ നിലപാടുകളെ പൊതുസമൂഹത്തില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു കാതോലിക്കാ ബാവ. സുപ്രീംകോടതി വിധി അനുകൂലമായിട്ടും പള്ളി ഏറ്റെടുത്ത് നല്‍കാത്ത സർക്കാരുകളെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചിരുന്നു.

''ബാഹ്യമായ പുരോഗതിയേക്കാള്‍ ക്രിസ്തുവിന്‍റെ മനസ്സറിഞ്ഞ് അവനോടൊപ്പം സഞ്ചരിക്കുന്ന വിശ്വാസികളുടെ കൂട്ടായ്മയായി സഭ രൂപാതന്തരപ്പെടണം. നാം ഒരിക്കലും കലഹങ്ങളും വ്യവഹാരങ്ങളും തേടിപ്പോകുന്നില്ല. മറിച്ച് നീതിയും ന്യായവുമാണ് ആഗ്രഹിക്കുന്നത്'', പരിശുദ്ധ കാതോലിക്കാ ബാവയുടെ ഏത് പൊതുപ്രസംഗം ശ്രദ്ധിച്ചാലും ഇതു പോലെ സഭാ ഐക്യം ഊട്ടിയുറപ്പിക്കുന്നതും സഭയോടുള്ള അനീതിയെ തുറന്ന് കാട്ടുന്നതുമായ ഒരു സന്ദേശം ഉണ്ടായിരിക്കും.

തൃശ്ശൂർ ജില്ലയിലെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെ ഐ ഐപ്പിന്‍റെയും കുഞ്ഞീറ്റയുടേയും മകനായി 1946 ഓഗസ്റ്റ് 30 നാണ് അദ്ദേഹം ജനിച്ചത്. തൃശ്ശൂർ സെന്‍റ് തോമസ് കോളേജില്‍ നിന്ന് ബിഎസ്‍സിയും കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് എംഎയും കരസ്ഥമാക്കി. 1973 ല്‍ ശെമ്മാശ്ശപ്പട്ടവും വൈദികപ്പട്ടവും നേടി. 1983 ല്‍ പരുമലയില്‍ വച്ച് റമ്പാൻ സ്ഥാനം ലഭിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം പുതിയകാവ് സെന്‍റ് മേരീസ് പള്ളിയില്‍ പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്ക്കോപ്പയായി. കുന്നംകുളം ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാസനാധിപനായിരുന്നു. 2006 ലെ സഭാ അസോസിയേഷൻ യോഗത്തില്‍ പൗരസ്ത്യകാതോലിക്കാ ബാവയുടെയും മലങ്കര മെത്രാപ്പൊലീത്തായുടേയും പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടു. 2010 നവംബര്‍ ഒന്നിന്  ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് സഭാധ്യക്ഷനായി.

ലോകമെമ്പാടുമുള്ള 30 ലക്ഷം വരുന്ന ഓര്‍ത്തഡോക്സ് സമൂഹത്തിന്‍റെ മെത്രാപ്പൊലീത്തയും കാതോലിക്കാ ബാവയുമായിരുന്നു ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയൻ. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള മലങ്കര സഭാ തര്‍ക്കമായിരുന്നു ചുമതല ഏറ്റെടുക്കുമ്പോള്‍ മുതല്‍ ബാവ നേരിട്ട വലിയ വെല്ലുവിളി. 2011 സെപ്റ്റംബറില്‍ കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ കാതതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ട് നിന്ന ഉപവാസ സമരം ശ്രദ്ധിക്കപ്പെട്ടു. കോടതി വിധി അനുകൂലമായതിനെ തുടര്‍ന്ന് കുര്‍ബ്ബാന അനുഷ്ടിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ തടഞ്ഞതും പിന്നീടുണ്ടായ സംഘര്‍ഷവുമാണ് സമരത്തിലേക്ക് നയിച്ചത്.

അതിനുശേഷം നിരവധി പ്രക്ഷോഭങ്ങളും സമരങ്ങളും സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ നടന്നു. ചര്‍ച്ചകളിലെല്ലാം സഭയ്ക്ക് കിട്ടേണ്ട ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോള്‍ ഇടത്- വലത് വ്യത്യാസമില്ലാതെ അദ്ദേഹം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പിന്തുണ തേടി ദേവലോകത്ത് എത്തുന്ന രാഷ്ട്രീയക്കാരോടും നീതികേടിനെക്കുറിച്ച് തുറന്നടിച്ചു. സഭയോട് അനീതി കാട്ടിയവര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ നിലപാടെടുക്കാൻ ആഹ്വാനം ചെയ്തു.

സമാധാന ശ്രമങ്ങളുടെ ഭാഗമായി 2015 ഏപ്രില്‍ 25-ന് സുറിയാനി സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി. 2019 ഡിസംബറിലാണ് അദ്ദേഹത്തിന് കാൻസര്‍ രോഗം ബാധിച്ചത്. വിദേശത്തും മറ്റും നിരവധി ചികിത്സകള്‍ നടത്തി. ഒരു വര്‍ഷമായി സഭയുടെ കീഴിലുള്ള പരുമല ആശുപത്രിയിലാണ് താമസം. കഴിഞ്ഞ മാര്‍ച്ച് 8 ന് കൊവിഡ് ബാധ സ്ഥിരികരിച്ചിരുന്നു. പിന്നീടാണ് ആരോഗ്യ നില വഷളായത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ തന്‍റെ പിൻഗാമിയെ കണ്ടെത്താൻ കഴിഞ്ഞ സിനഡില്‍ ബാവ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 14 പുതിയ ബാവയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മാര്‍ത്തോമാ പൗലോസ് ദ്വതീയന്‍റെ നിര്യാണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

 

Follow Us:
Download App:
  • android
  • ios