ഇടുക്കി: പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാറിന്‍റെ കൂട്ടുപ്രതികളുടെ മൊഴി പുറത്ത്. രാജ്കുമാറിന്‍റെ സ്ഥാപനത്തിലെ ജീവനക്കാര്‍ മാത്രമായിരുന്നു തങ്ങളെന്ന് ഇരുവരും മൊഴി നല്‍കി. സ്ഥാപനത്തിലെ കാര്യങ്ങള്‍ എല്ലാം നോക്കി നടത്തിയിരുന്നത് രാജ്കുമാര്‍ ആയിരുന്നുവെന്നും, കേസ് വന്നപ്പോള്‍ എല്ലാം വക്കീല്‍ നോക്കുമെന്നാണ് രാജ്കുമാര്‍ പറഞ്ഞതെന്നും ഇവര്‍ മൊഴി നല്‍കി. 

ഹരിത ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളായ ശാലിനി, മഞ്ജു എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ശനിയാഴ്ച ജാമ്യം ലഭിച്ച ഇരുവരും നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് പുറത്തിറങ്ങി. ഹരിത ഫിനാൻസിൽ പണം നിക്ഷേപിച്ചവരുടെ പരാതിയെത്തുടർന്ന് രാജ്കുമാറിനൊപ്പം ഇവരെയും നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രാജ്‍കുമാര്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. പ്രത്യേക സംഘം നാലായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. രാജ്‌കുമാർ തട്ടിപ്പിലൂടെ നേടിയ പണം കുമളിയിലേക്കാണ് കൊണ്ടുപോയതെന്ന മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം.

ഇക്കഴിഞ്ഞ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ് കുമാർ പീരുമേട് സബ്‍ജയിലിൽ മരിച്ചത്. രാജ്‍കുമാറിന് കസ്റ്റഡി മർദ്ദനം ഏറ്റിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നും കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.