Asianet News MalayalamAsianet News Malayalam

നമ്മുടേത് ജനസൗഹൃദവും മികവുള്ളതവുമായ പൊലീസ്, വണ്ടിപ്പെരിയാര്‍ കേസിൽ അപ്പീൽ ഹൈക്കോടതിയിൽ; മുഖ്യമന്ത്രി സഭയിൽ

സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം. 

our police is people friendly and excellent  Vandiperiyar case is in  High Court as Appeal Chief Minister ppp
Author
First Published Feb 1, 2024, 2:37 PM IST

തിരുവനന്തപുരം: വണ്ടിപ്പെരിയറിൽ ആറ് വയസുകാരി പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവത്തിൽ അടിയന്തര പ്രമേയ ആവശ്യത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം. സിപിഎം ബന്ധമുള്ള പ്രതിയായിരുന്നയാൾ രക്ഷപ്പെട്ടത് പ്രോസിക്യൂഷന്‍റേയും പൊലീസിന്‍റേയും വീഴ്ചയുടെ ഭാഗമായാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇതിന് മുഖ്യമന്ത്രി മറുപടി നൽകുകയും പിന്നാലെ പ്രമേയം തള്ളുകയും ചെയ്തു. തുടര്‍ന്നാണ് പ്രതിപക്ഷം വാക്കൗട്ട് നടത്തിയത്. 

മുഖ്യമന്ത്രി ഇക്കാര്യത്തിൽ നൽകിയ മറുപടി ഇങ്ങനെ

അടിയന്തര പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടുള്ള സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ പോക്‌സോ നിയമത്തിലെയും ഇന്ത്യന്‍ പീനല്‍ കോഡിലേയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ക്രൈം നം. 598/2021 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. കേസിലെ പ്രതിയായ അര്‍ജ്ജുന്‍ എന്നയാളെ അറസ്റ്റു ചെയ്ത് തെളിവുകള്‍ ശേഖരിച്ച് അന്വേഷണം പൂര്‍ത്തിയാക്കി കട്ടപ്പന പോക്‌സോ പ്രത്യേക കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി.  കട്ടപ്പന പ്രത്യേക പോക്‌സോ കോടതി കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ വെറുതെവിട്ട് ഉത്തരവായിട്ടുണ്ട്. കോടതിവിധി പരിശോധിച്ച് ആവശ്യമായ നിയമനടപടികളും വകുപ്പുതല നടപടികളും സ്വീകരിച്ചു വരികയാണ്.

പ്രതിയെ വെറുതെ വിട്ട ഉത്തരവിനെതിരെ  ഹൈക്കോടതി മുമ്പാകെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍  കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. നമ്മുടെ രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമായി കേരളം ഇതിനകം വിലയിരുത്തപ്പെട്ടിട്ടുണ്ട്.  പൊലീസിനെ ജനസൗഹൃദമായി മാറ്റിയെടുക്കുന്നതിലും കുറ്റകൃത്യങ്ങളില്‍ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിലും നമ്മുടെ പോലീസ് മുന്‍പന്തിയിലാണ്. 

തെളിയിക്കാന്‍ കഴിയാതെ കിടന്ന നിരവധി കേസുകളില്‍ പഴുതടച്ചുള്ള അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുന്ന മികവോടെ  പോലീസ് പ്രവര്‍ത്തിക്കുന്നു. അടുത്തിടെയുണ്ടായ ചില കേസുകള്‍ പോലീസിന്റെ കുറ്റാന്വേഷണ മികവിന്റെ ഉദാഹരണങ്ങളാണ്. തെളിയിക്കപ്പെടാതെ കിടന്ന കേസുകള്‍ വരെ തെളിയിച്ചു മുമ്പോട്ടുപോവുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഒരാക്രമണം പോലും നടക്കരുത് എന്നുള്ള നിലപാടാണ് സര്‍ക്കാരിനുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളില്‍ ശക്തമായ നിയമനടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സമൂഹത്തോട് പ്രതിബദ്ധത നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടത്. ഇതില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല.

രണ്ടാം മറുപടി

അത്യന്തം നിര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചത്.  കേരളത്തില്‍ അടുത്തകാലത്തുണ്ടായ ശ്രദ്ധേയമായ കോടതി വിധിയാണിത്. അര്‍ഹമായ ശിക്ഷ പ്രതികള്‍ക്ക് കോടതിയില്‍ വാങ്ങിക്കൊടുക്കാന്‍ പറ്റിയ ഒട്ടേറ കേസുകള്‍ ചൂണ്ടിക്കാണിക്കാനാകും. പക്ഷെ, വണ്ടിപ്പെരിയാറില്‍ സംഭവിച്ചത് തീര്‍ത്തും നിര്‍ഭാഗ്യകരമായ സംഭവമാണ്.  വിശദമായ അപ്പീല്‍ കോടതിയുമുന്നില്‍ പരിഗണനയിലാണ്.  അത് ഒരു ഭാഗമേ ആകുന്നുള്ളൂ. മറ്റൊരു ഭാഗം കോടതിയുടെ ഗൗരവമായ പരാമര്‍ശങ്ങളാണ്. അത് ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്.  ഇതുമായി ബന്ധപ്പെട്ട വകുപ്പുതല പരിശോധനയും അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്. അത് നടന്നുകൊണ്ടിരിക്കുകയാണ്.  

അതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് പൊറുപ്പിക്കുന്ന അവസ്ഥയുണ്ടാവില്ല. അത്തരം വീഴ്ചകളോ ക്രമക്കേടോ ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ക്കശമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നു.  ഇതില്‍ പ്രതിയുടെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അഭിപ്രായമോ പ്രതിയുടെ അച്ഛന്‍റെ രാഷ്ട്രീയ നിലപാടോ ഒന്നും ഗവണ്‍മെന്‍റിനെ സ്വാധീനിക്കുന്നതല്ല.  ഗവണ്‍മെന്‍റിന്‍റെ മുന്നില്‍ ഹതഭാഗ്യയായ ആ കുട്ടിയുടെയും കുടുംബത്തിന്‍റെയും പ്രശ്നമാണ്. അക്കാര്യത്തില്‍ ഏതെല്ലാം തരത്തിലുള്ള കര്‍ക്കശനടപടി സ്വീകരിക്കേണ്ടതുണ്ടോ അതിന്‍റെ അങ്ങേയറ്റം വരെ പോകും.

അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ: ആരോപണ വിധേയർക്കെതിരെ നടപടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios