കോഴികോട്: കോഴിക്കോട്ട് ഉന്നത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പേർ കൊവിഡ് നിരീക്ഷണത്തിൽ. കൊവിഡ് 19 രോ​ഗ ബാധിതനായ തമിഴ്നാട് സ്വദേശിയുമായി സമ്പർക്കം ഉണ്ടായെന്ന് സംശയിക്കുന്നവരെയാണ് നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണത്തിൽ പ്രവേശിച്ചവരിൽ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറും സർക്കിൾ ഇൻസ്പെക്ടറും ഉൾപ്പെടുന്നു. 

മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് ന​ഗരം അതീവ ജാഗ്രതയിലാണ്. അഗതികൾക്കായി തുടങ്ങിയ ക്യാമ്പിൽ പാര്‍പ്പിച്ച 67 കാരനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് നഗരസഭയ്ക്ക് കീഴിലെ സന്നദ്ധ പ്രവർത്തനം നടത്തുന്നവരും ഡോക്ടറും ഉള്‍പ്പെടെ നിരവധി പേര്‍ ജില്ലയിൽ നിരീക്ഷണത്തിലാണ്. കോഴിക്കോട് ജില്ലാ ജില്ലാ കളക്ടറാണ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചത്. 

കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിലെ അഗതി മന്ദിരത്തിൽ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശിയെ രണ്ട് ദിവസം മുമ്പാണ് രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മാസം രണ്ടാം തിയ്യതിയാണ് ഇയാളെ കോഴിക്കോട് നഗരത്തിൽ നിന്ന് ക്യാമ്പിലേക്ക് മാറ്റിയത്. ഇതോടെ, ക്യാമ്പിലെ മുഴുവൻ ആളുകളേയും നീരീക്ഷണത്തിലാക്കി.