സംസ്ഥാനത്ത് ഇന്ന് 13,187 പേർക്ക് പനി ബാധിച്ചു. നിപയിൽ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവായത് ആശ്വാസം നൽകുമ്പോൾ, 13 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതും എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചതും ആശങ്ക വർദ്ധിപ്പിക്കുന്നു
തിരുവനന്തപുരം: നിപ രോഗബാധിതന്റെ സമ്പർപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെ സാമ്പിൾ ശേഖരിച്ച ആരോഗ്യ പ്രവർത്തകയുടെ പരിശോധനാ ഫലവും നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. ഇതോടെ രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് ലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 15 പേരുടെയും പരിശോന ഫലങ്ങൾ നെഗറ്റീവ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ തുടരുന്നു. രോഗബാധിതന്‍റെ സമ്പർക്ക പട്ടികയിൽ ഇന്ന് പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇത് 4 പേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ടവരും, 14 പേർ ഉയർന്ന ഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ടവരും ആണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 81 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 89 ഫോൺവിളികൾ എത്തിയിട്ടുണ്ട്. സമ്പർപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തെന്നും മന്ത്രി അറിയിച്ചു.
13 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, 13,187 പേർക്ക് പനി
സംസ്ഥാനത്ത് ഇന്ന് 13 ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് 4, മലപ്പുറം, കണ്ണൂർ 3 വീതം, പാലക്കാട് 2, കൊല്ലം 1 എന്നിവടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 133 രോഗബാധയും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 209 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (40), വയനാട് (18), തൃശൂർ (11) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (19), തിരുവനന്തപുരം (15), കൊല്ലം (9), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (10), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. അതേസമയം ഇന്ന് സംസ്ഥാനത്ത് 75 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. 13 പേർക്ക് എലിപ്പനി ബാധിച്ചു. എലിപ്പനി ബാധിച്ച ഒരാൾക്ക് മരണം സംഭവിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇന്ന് മാത്രം പനി ബാധിതരായി 13,187 പേർ ഇന്ന് ചികിത്സ തേടിയിട്ടുണ്ട്.
