കാസർകോട്: കാസർകോട് ഇ കെ നായനാർ ആശുപത്രിയിൽ ഓക്സിജൻ പ്രതിസന്ധി തുടരുന്നു. 65 ഓക്സിജൻ സിലിണ്ടർ കിട്ടണമെന്നാണ് ആവശ്യം. രണ്ട് മണിക്കൂറിനകം നിലവിലെ സിലിണ്ടറുകൾ തീരുമെന്നും ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരെ അടക്കം 12 പേരെ മാറ്റേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 

കളക്ടറെയും ആരോഗ്യ വകുപ്പ് ഉദ്യോസ്ഥരേയും നേരത്തെ തന്നെ പ്രതിസന്ധി അറിയിച്ചിരുന്നെന്നും ഇ കെ നായനാർ ആശുപത്രി അധികൃതർ അവകാശപ്പെടുന്നു. കാസർകോട് മറ്റൊരു സ്വകാര്യ ആശുപത്രി കിംസ് സൺറൈസിലും ഓക്സിജൻ ക്ഷാമമുണ്ട്. ഇവിടേക്ക് 15 വലിയ സിലിണ്ടർ ഓക്സിജൻ എത്തിച്ചു. ഓക്സിജൻ ആവശ്യമുള്ള ഇവിടത്തെ 8 രോഗികളിൽ 5 പേരേയും നേരത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.

മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ നിലച്ചത് കാരണമാണ് ആശുപത്രികൾ പ്രതിസന്ധിയിലായത്. കാസർകോട് ഓക്സിജൻ പ്ലാൻ്റില്ല കണ്ണൂരിലെ പ്ലാൻ്റിൽ നിന്നും മംഗലാപുരത്തെ സ്വകാര്യ ഏജൻസികൾ വഴിയുമാണ് ഓക്സിജൻ എത്തിച്ചിരുന്നത്. കളക്ടറുടെ കത്തുണ്ടെങ്കിൽ മാത്രമേ ഓക്സിജൻ സിലിണ്ടറുകൾ കേരളത്തിലേക്ക് കൊടുക്കാവൂ എന്ന് അവിടെ നിർദ്ദേശമുണ്ടെന്നും കത്ത് ഹാജരാക്കിയിട്ടും സിലിണ്ടർ തരാൻ വിതരണക്കാർ തയ്യാറല്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. കിംസ് ആശുപത്രിയിലെ ഗുരുതരാവസ്ഥയിലുള്ള  3 കൊവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. 

ഒരു ദിവസം കുറഞ്ഞത് 160 സിലിണ്ടർ കാസർകോട് ആവശ്യമുണ്ട്. ഉടനടി ബദൽ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona