മഞ്ചേശ്വരം: മഞ്ചേശ്വരം എംഎൽഎ ആയിരുന്ന പി ബി അബ്ദുൽ റസാഖിന്റെ കാർ രജിസ്ട്രേഷൻ നമ്പറിന് ഒരു പ്രത്യേകതയുണ്ട്. യുഡിഎഫ് പ്രവർത്തകരെ, കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെയും ഈ തെരഞ്ഞെടുപ്പിന്റെയും പ്രാധാന്യം ഓർമിപ്പിച്ചിരുന്നത് ഈ കാർ നമ്പർ ആയിരുന്നു. ഒരു കാർ നമ്പറിന് ഇത്ര പ്രത്യേകത എന്താണെന്നല്ലേ? ഉണ്ട്, പറയാം.

മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആയിരിക്കെ പിബി അബ്ദുൽ റസാഖ് ഉപയോഗിച്ചിരുന്ന കാറാണിത്. 2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചതോടെ കാറിന്റെ രജിസ്ട്രേഷൻ നമ്പർ മാറ്റി KL/14 T89 എന്നാക്കി.  ഇതൊരു ഭാഗ്യനമ്പറോ ഇഷ്ട നമ്പറോ ഫാൻസി നമ്പറോ അല്ല. യുഡിഫ് പ്രവർത്തകർക്കുള്ള ഓർമപ്പെടുത്തലാണ്.

2011ലെ 5828 വോട്ടിന്റെ ഭൂരിപക്ഷമാണ് 2016 ൽ 89 ലേക്ക് ചുരുങ്ങിയത്. മണ്ഡലത്തിൽ ഏത് പരിപാടിക്കും എം എൽ എ എത്തിയിരുന്നത് ഈ കാറിലായിരുന്നു. പാർട്ടി പരിപാടികളിൽ ഓർമിപ്പിച്ചിരുന്നത് 89 എന്ന കുറഞ്ഞ ഭൂരിപക്ഷവും. പി ബി അബ്ദുൽ റസാഖ് മരിച്ചെങ്കിലും കാർ ഇപ്പോഴും വീട്ടുമുറ്റത്തുണ്ട്.