കേസില്‍ പി എസ് പ്രശാന്ത് പ്രസിഡൻ്റായ ബോർഡിലെ എല്ലാവരുടെയും എസിഐടി മൊഴിയെടുക്കും. അതേസമയം, പത്മകുമാറിൻ്റെ ബോർഡ് അംഗങ്ങളെ ഈ ആഴ്ച വീണ്ടും മൊഴിയെടുക്കാൻ വിളിപ്പിക്കും എന്നാണ് വിവരം.

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ സ്മാർട്ട് ക്രിയേഷൻ സിഈഒയെ വീണ്ടും ചോദ്യം ചെയ്തു. ഇന്നലെയാണ് പങ്കജ് ഭണ്ടാരി ചോദ്യം ചെയ്തത്. കേസില്‍ രണ്ട് ജീവനക്കാരെയും എസിഐടി ചോദ്യം ചെയ്തു. രാത്രിയോടെ ഇവരെ വിട്ടയച്ചു. കൂടുതല്‍ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്ന് എസിഐടി അറിയിച്ചു. പി എസ് പ്രശാന്ത് പ്രസിഡൻ്റായ ബോർഡിലെ എല്ലാവരുടെയും മൊഴിയെടുക്കും. അതേസമയം, പത്മകുമാറിൻ്റെ ബോർഡ് അംഗങ്ങളെ ഈ ആഴ്ച വീണ്ടും മൊഴിയെടുക്കാൻ എസിഐടി വിളിപ്പിക്കും. ദ്വാരപാലകപാളികൾ കൊണ്ടുപോകാൻ അനുമതി നൽകിയത് ബോർഡിൻ്റെ നിർദ്ദേശപ്രകാരമെന്നായിരുന്നു തന്ത്രിയുടെ മൊഴി. നിലവില്‍ പി എസ് പ്രശാന്തിൻ്റെ കാലത്തെ സ്വർണം പൂശൽ എസിഐ അന്വേഷണ പരിധിയിലില്ല.

അതേസമയം, ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി ഇന്നലെ തള്ളി. പാളികൾ കൈമാറിയതിൽ തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ, ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.സിജു രാജൻ ആണ് കോടതിയില്‍ ഹാജരായത്. അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും വീണ്ടും കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്. ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്.