മതവിദ്വേഷ പ്രസംഗം നടത്തിയതിന്  കേസെടുത്ത കാര്യം സർക്കാർ കോടതിയെ ഇന്ന് അറിയിക്കും. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് പി സി ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോടതിയുടെ തീരുമാനം സർക്കാരിന് നിർണായകമാണ്. മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്ത കാര്യം സർക്കാർ കോടതിയെ ഇന്ന് അറിയിക്കും. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് പി സി ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. ഫോർട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് സർക്കാരിന് തിരിച്ചടിയായി.

അറസ്റ്റ് എന്തിനാണെന്ന് വിശദീകരിക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ലെന്ന വിമ‍ർശനവുമായാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സർക്കാർ വാദം പറയാൻ അഭിഭാഷകൻ ഹാജരായുമില്ല. എന്നാൽ ജാമ്യം നൽകിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെയാണെന്നും പി സി ജോർജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും ചൂണ്ടികാട്ടിയുമാണ് തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ സർക്കാർ അപേക്ഷ നൽകിയത്.

അതേസമയം, സർക്കാരിനും പി സി ജോർജിനും കോടതി തീരുമാനം നിർണായകമായിരിക്കെയാണ് വീണ്ടുമൊരു കേസ് കൂടെ വന്നത്. വെണ്ണലയിൽ നടത്തിയ പ്രസംഗത്തിനാണ് ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഈ കേസ് പി സി ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന പ്രോസിക്യൂഷൻ വാദങ്ങള്‍ക്ക് ബലം പകരമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. ജാമ്യം റദ്ദാക്കിയാൽ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്യും. ജാമ്യം റദ്ദാക്കിയിലെങ്കിലും കൊച്ചിയിൽ രജിസ്റ്റർ ചെയ് കേസിൽ പൊലീസ് നീക്കം നിർണായകമാകും.