സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന പി സി ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ കേരളാ പൊലീസിന് എന്താണ് തടസമെന്ന് മനസ്സിലാവുന്നില്ലെന്ന് വി ടി ബല്‍റാം

തിരുവനന്തപുരം: മുസ്ലിം വിരുദ്ധവും വർഗീയവുമായ പ്രസംഗം നടത്തിയ മുൻ എംഎൽഎ പി സി ജോർജിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് യുവ നേതാക്കള്‍. ഷാഫി പറമ്പില്‍, വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ കടുത്ത ഭാഷയിലാണ് പി സി ജോര്‍ജിനെ വിമര്‍ശിച്ചിട്ടുള്ളത്. സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന പി സി ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ കേരളാ പൊലീസിന് എന്താണ് തടസമെന്ന് മനസ്സിലാവുന്നില്ലെന്ന് വി ടി ബല്‍റാം പറ‌ഞ്ഞു.

സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗീയതയുടെ സഹവാസിയാണ് പി സി ജോർജ് എന്ന് ഷാഫി പറമ്പില്‍ തുറന്നടിച്ചു. തരാതരം പോലെ ഏത് വൃത്തികേടും എന്ത് തരം വർഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലിൽ നിന്ന് കഴിഞ്ഞ ദിവസം ബഹിർഗമിച്ച വാക്കുകളുടെ ദുർഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ലെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ, പിസി ജോർജിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നു. കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു,

മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ വ്യക്തമാക്കി. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയിൽ ഉന്നയിച്ചു. 

വി ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന പി.സി. ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ കേരളാ പോലീസിന് എന്താണ് തടസ്സം എന്നു മനസ്സിലാവുന്നില്ല. എന്തു അടവുനയത്തിന്റെ ഭാഗമാണെങ്കിലും ശരി, ഈ നിലയിൽ അപകടകരമായ വെറുപ്പ് വളർത്തുന്നവർക്കു മുൻപിൽ ആഭ്യന്തര വകുപ്പ് ഇനിയും കയ്യും കെട്ടി നോക്കി നിൽക്കുകയാണെങ്കിൽ കേരളത്തിൽ അതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. ആ പ്രസംഗത്തിന്റെ വിഡിയോ ഈ വാളിൽ ഇട്ട് കൂടുതൽ പ്രചാരം നൽകേണ്ടെന്ന തീരുമാനപ്രകാരമാണ് ഒഴിവാക്കുന്നത്. #IndiaAgainstHate

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോർജ്ജിനെ കേസെടുത്ത് ജയിലിലിടാൻ പോലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോർജ്ജ്.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

പി. സി ജോർജ്ജ് എന്നത് പൊതുസമൂഹത്തിന്റെ തന്നെ ഒരു ബാധ്യതയായി മാറിയിരിക്കുന്നു. ലൈംലൈറ്റിൽ നില്ക്കുവാൻ എന്ത് നീചമായ നെറികേടും പറയുന്ന ഒരു വ്യക്തി എന്ന ലേബൽ ഒരു ലൈസൻസാക്കി മാറ്റിയിരിക്കുന്നു ജോർജ്ജ്.

തരാതരം പോലെ ഏത് വൃത്തികേടും, എന്ത് തരം വർഗ്ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലിൽ നിന്ന് കഴിഞ്ഞ ദിവസം ബഹിർഗമിച്ച വാക്കുകളുടെ ദുർഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ല.

'മുസ്ലിംഗളുടെ ഹോട്ടലുകളിൽ ഒരു ഫില്ലർ വെച്ചിട്ടുണ്ട്. അതിൽ നിന്ന് ഒരു തുള്ളി ഒഴിച്ചാൽ പിന്നെ കുട്ടികളുണ്ടാകില്ല' impotent ആയി പോകും. വന്ധ്യംകരിക്കുകയാണ് സ്ത്രീയെയും പുരുഷനെയും. അങ്ങനെ ചെയ്ത് ഇന്ത്യയെ പിടിച്ചടക്കുവാൻ പോവുകയാണ്''

എത്ര നീചമായ വാക്കുകളാണിത്. അത്തരം ഒരു ഹോട്ടലും ഇല്ലായെന്ന് നമുക്കറിയാം. പതിറ്റാണ്ടുകൾക്ക് മുൻപ് അത്തരത്തിൽ ഒരു ഹോട്ടലുണ്ടായിരുന്നെങ്കിലെന്നും, ആ ഹോട്ടലിൽ നിന്ന് പ്ലാന്തോട്ടത്തിൽ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിച്ചിരിന്നെങ്കിലെന്നും ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു