പാലാ: പാലാ പ്രചാരണം ഒരു പൊതു യോഗത്തിലൊതുക്കി പി ജെ ജോസഫ്. മണ്ഡലത്തിൽ ഇനി പ്രചാരണത്തിന് എത്തേണ്ടെന്ന് പാലായിലെ ജോസഫ് പക്ഷം നേതാക്കൾ പി ജെയെ അറിയിച്ചു.

എലിക്കുളത്ത് പി ജെ ജോസഫ് ഇന്ന് രാവിലെ പൊതുയോഗത്തിൽ സംസാരിക്കുമെന്നാണ് നേരത്തെ യുഡിഎഫ് നേതാക്കൾ അറിയിച്ചിരുന്നത്. സ്വകാര്യ ആവശ്യത്തിന് എറണാകുളത്ത് പോകുന്നതിനാൽ എലിക്കുളത്ത് എത്തില്ലെന്ന് ജോസഫ് ഇന്നലെ തന്നെ യുഡിഎഫ് നേതാക്കളെ അറിയിച്ചു. ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് എംഎൽഎയാണ് എലിക്കുളത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്തത്.

ജോസഫ് പക്ഷത്തെ പ്രാദേശിക നേതാക്കളും ചില സ്ഥലങ്ങളിൽ മാത്രമാണ് പ്രചാരണത്തിനെത്തുന്നത്. എല്ലാ ദിവസവും പഞ്ചായത്തുകളിൽ ജോസഫ് പക്ഷം പ്രത്യേക യോഗം ചേരുന്നുണ്ട്. ഇന്നലെ നടന്ന യുഡിഎഫ് സമ്മേളനത്തിൽ പങ്കെടുത്തവരുടെ പേരുകൾ പത്ര മാധ്യമങ്ങളിൽ നൽകിയപ്പോൾ മോൻസ് ജോസഫ് എംഎൽഎയുടെ പേര് ഒഴിവാക്കിയതിൽ ജോസഫ് പക്ഷത്തിന് അതൃപ്തിയുണ്ട്.തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായ‌ാൽ അതിൻറെ ഉത്തരവാദിത്വം ജോസ് കെ മാണി പക്ഷത്തിന് മാത്രമായിരിക്കും.കൺവെൻഷനിലെ കൂവിലിനും പ്രതിഛായയിലെ ലേഖനത്തിലും അപമാനിക്കപ്പെട്ടെ തങ്ങൾ എല്ലാം ക്ഷമിച്ച് പാലയിലെത്തിയത് മുന്നണി മര്യാദ കൊണ്ടാണെന്നും ജോസഫ് പക്ഷം പറയുന്നു