കോട്ടയം: കേരള കോൺഗ്രസ് അധികാരത്തർക്കത്തിൽ പുതിയ നീക്കവുമായി ജോസഫ് വിഭാഗം. പി ജെ ജോസഫ് കേരള കോൺഗ്രസ് എമ്മിന്‍റെ താത്കാലിക ചെയർമാനായെന്ന് കാണിച്ച് ജോസഫ് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ചെയർമാന്‍റെ സമ്പൂർണ അധികാരം വർക്കിംഗ് ചെയർമാനാണെന്ന് വ്യക്തമാക്കിയാണ് കത്ത്. മാണി വിഭാഗം അറിയാതെ കമ്മീഷന് നേരത്തെ കത്ത് അയച്ചെന്നെ ആരോപണം ജോസഫ് നിഷേധിച്ചു. ജോസഫ് വിഭാഗത്തിന്‍റെ പുതിയ നീക്കത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ഔദ്യോഗിക ആശയവിനിമയം ഇനി പി ജെ ജോസഫ് നടത്തും.

പാല ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ ചെയർമാനെ കണ്ടെത്താനായില്ലെങ്കിൽ പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം തീരുമാനിക്കുക പി ജെ ജോസഫായിരിക്കും. ഇതെല്ലാം മുൻനിർത്തി പാർട്ടി ഭരണഘടന അക്കമിട്ട് നിരത്തിയാണ് പി ജെ ജോസഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരിക്കുന്നത്. ഭരണഘടനയിലെ 29ആം ചട്ടം അനുസരിച്ച് ചെയർമാൻ മരിച്ച സാഹചര്യത്തിൽ നയപരവും സംഘടനാപരവുമായ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം വർക്കിംഗ് ചെയർമാനാണെന്ന് വ്യക്തമാക്കിയാണ് കത്ത്. ചെയർമാനെയും നിയമസഭകക്ഷി നേതാവിനെയും യഥാസമയം തെരഞ്ഞെടുക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.

ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന് ജനറൽ സെക്രട്ടറി ജോയ് എബ്രഹാം നേരത്തെ കത്ത് നൽകിയെന്ന ആരോപണം പി ജെ ജോസഫ് വാർ‍ത്ത കുറിപ്പിലൂടെ നിഷേധിച്ചു. മെയ് 30ന് മാത്രമാണ് തെരഞ്ഞെടുപ്പിന് കമ്മീഷന് പാ‍ർട്ടി കത്ത് നൽകിയത്. ഇല്ലാത്ത കത്തിനെച്ചൊല്ലി റോഷി അഗസ്റ്റിൻ എംഎൽഎ വാർത്ത സമ്മേളനം നടത്തിയത് നി‍ർഭാഗ്യകരമായെന്നും പി ജെ ജോസഫ് ആരോപിച്ചു. എന്നാൽ കേരള കോൺഗ്രസിലെ ഭിന്നതയുടെ പേരിൽ പ്രവർ‍‍ത്തർ തെരുവിൽ നടത്തുന്ന ചേരിപ്പോര് തുടരുകയാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ നാലുപേർ ചേർന്ന് കോലം കത്തിച്ചാൽ തനിക്കൊന്നും ഇല്ലെന്ന് റോഷി അഗസ്റ്റിൻ പ്രതികരിച്ചു.