ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതിൻ്റെ ഫലമാണ് ഇന്ന് യുഡിഎഫ് അനുഭവിക്കുന്നതെന്ന് പി ജെ കുര്യന്‍. ഇടതു മുന്നണി പ്രവേശനം കെ എം മാണിയുടെ പൈതൃകം തള്ളി പറയുന്നതാണെന്നും പി ജെ കുര്യൻ.
പത്തനംതിട്ട: ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് ദീര്‍ഘവീക്ഷണമില്ലാതെയെന്ന് പി ജെ കുര്യന്‍. അന്ന് സീറ്റ് നൽകിയതിൻ്റെ ഫലം ഇന്ന് യുഡിഎഫ് അനുഭവിക്കുകയാണെന്ന് പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജോസ് കെ മാണി പോലും ആവശ്യപ്പെടാതെയാണ് യുഡിഎഫ് ആ തീരുമാനം എടുത്തത്. യുഡിഎഫ് നേതാക്കൾ നൽകിയ സീറ്റ് ഏറ്റെടുക്കുകയായിരുന്നെന്ന് ജോസ് കെ മാണി അന്ന് പറഞ്ഞിരുന്നു. ഇടതു മുന്നണി പ്രവേശനം കെ എം മാണിയുടെ പൈതൃകം തള്ളി പറയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ൽ കുര്യൻ്റെ രാജ്യസഭ സീറ്റാണ് ജോസ് കെ മാണിക്ക് നൽകിയത്.
38 വർഷത്തെ യുഡിഎഫ് ബന്ധം മുറിച്ചാണ് കേരളാ കോൺഗ്രസ് ഇടതു മുന്നണിയിക്കൊപ്പം ചേരുന്നത്. പാല ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ തുടങ്ങി കോട്ടയം ജില്ലാ പഞ്ചായത്തിലെ തർക്കത്തിനും ഒടുവിലാണ് ജോസ് പക്ഷം യുഡിഎഫ് വിടുന്നത്. ഇടത് മുന്നണിയുമായി ഉപാധിയില്ലാതെയാണ് സഖ്യം. വർഗീയതയെ ചെറുക്കാൻ ഇടത് മുന്നണിക്കായെന്ന് പറഞ്ഞ് കൊണ്ടാണ് ജോസിന്‍റെ നിലപാട് പ്രഖ്യാപനം.
Also Read: കോണ്‍ഗ്രസ് കടുത്ത അനീതി കാട്ടി, ചതിച്ചു, ഇനി ഇടതിനൊപ്പം; നയം പ്രഖ്യാപിച്ച് ജോസ് കെ മാണി
