Asianet News MalayalamAsianet News Malayalam

'നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്യത്തിന്‍റെ ലക്ഷണം'; മുല്ലപള്ളിക്കെതിരെ ജയരാജന്‍

ഒരു സ്ത്രീയുടെ നേതൃത്വത്തിൽ നടക്കുന്ന നല്ല പ്രവർത്തനങ്ങളോട്, അതിന് സമൂഹം തന്നെ നൽകുന്ന അംഗീകാരത്തിലുള്ള അസഹിഷ്ണുതയാണ് മുല്ലപ്പള്ളി പ്രകടിപ്പിച്ചതെന്ന് ജയരാജന്‍.

p jayarajan against mullappally ramachandran for comment against kk shailaja
Author
Thiruvananthapuram, First Published Jun 19, 2020, 10:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ ആരോഗ്യ മന്ത്രി കെകെ ശൈലജയെ പരിഹസിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് സിപിഎം നേതാവ് പി  ജയരാജന്‍. ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കെതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവന നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്യത്തിന്റെ ലക്ഷണമാണെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇത് ആധുനിക ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. ഒരു സ്ത്രീയുടെ നേതൃത്വത്തിൽ നടക്കുന്ന നല്ല പ്രവർത്തനങ്ങളോട്, അതിന് സമൂഹം തന്നെ നൽകുന്ന അംഗീകാരത്തിലുള്ള അസഹിഷ്ണുതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം.

എംപിയായ ഘട്ടത്തിൽ കോഴിക്കോട് നിപാ വൈറസ് ബാധയുണ്ടായപ്പോൾ തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധി കൂടിയാണ് മുല്ലപ്പള്ളി. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും ജനങ്ങൾ വിലയിരുത്തട്ടെയെന്നും ജയരാജന്‍ പറഞ്ഞു. കോഴിക്കോട്ട് നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടക്കുമ്പോൾ "ഗസ്റ്റ് ആര്‍ട്ടിസ്റ്റ് " റോളിൽ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നതെന്നും നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നടത്തുന്നതെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.

വലിയ വിമര്‍ശനമാണ് ഈ പരാമര്‍ശങ്ങള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നുമാണ് മുല്ലപ്പള്ളി പിന്നീട് പ്രതികരിച്ചത്. നിപ്പയെ അതിജീവിച്ചതിന്റെ ക്രെഡിറ്റ് ആരോഗ്യ പ്രവര്‍ത്തകരക്കാണ്. മുഖ്യ മന്ത്രിക്കോ ആരോഗ്യമന്ത്രിക്കോ മറ്റാര്‍ക്കും അതില്‍ ക്രെഡിറ്റ് ഇല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios