Asianet News MalayalamAsianet News Malayalam

'ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രി, പദവി മറന്ന് തനി സംഘിയായി മാറി'; രൂക്ഷ വിമര്‍ശനവുമായി പി ജയരാജന്‍

'മുൻപൊരിക്കൽ ഈ മാന്യൻ കാക്കി ട്രൗസറിട്ട് നടന്ന കാലത്തെ ഒരു സംഭവം ഓർമ്മ വരുന്നു. കുറച്ച് ആർഎസ്എസ് കാരേയും എബിവിപികാരേയും കൂട്ടി ഈ വിദ്വാൻ അന്ന് മുഖ്യമന്ത്രിയായിരുന്നു നായനാരെ  ദില്ലിയില്‍ കേരള ഹൌസില്‍ മുറിയില്‍ പൂട്ടി'. 

P jayarajan Facebook post against central minister V Muraleedharan
Author
Kannur, First Published Apr 18, 2021, 12:45 PM IST

കണ്ണൂര്‍: കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ്‌ പി.ജയരാജന്‍. പിണറായി വിജയനെതിരെ നിലവാരമില്ലാത്ത ആക്ഷേപമുയർത്തിയ മുരളീധരന്‍ സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്നും ഒരു വിലയുമില്ലാത്ത  കേന്ദ്ര സഹമന്ത്രിയാണ് മുരളീധരനെന്നും ജയരാജന്‍ ആക്ഷേപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്‍ കേന്ദ്രമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

'മുൻപൊരിക്കൽ ഈ മാന്യൻ കാക്കി ട്രൗസറിട്ട് നടന്ന കാലത്തെ ഒരു സംഭവം ഓർമ്മ വരുന്നു. കുറച്ച് ആർഎസ്എസ് കാരേയും എബിവിപികാരേയും കൂട്ടി ഈ വിദ്വാൻ അന്ന് മുഖ്യമന്ത്രിയായിരുന്നു നായനാരെ  ദില്ലിയില്‍ കേരള ഹൌസില്‍ മുറിയില്‍ പൂട്ടി. കേരളത്തിൽ അറസ്റ്റിലായ ഒരു എബിവിപി പ്രവർത്തകനെ വിട്ടയക്കുമെന്ന് മുഖ്യമന്ത്രി ഈ പേപ്പറിൽ എഴുതി ഒപ്പിട്ടു നൽകണമെന്നായിരുന്നു ആവശ്യം. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നായിരുന്നു ഈ ആർഎസ്എസ് കാരുടെ വിചാരം. അവസാനം എല്ലാവരും അറസ്റ്റിലായി. നായനാരെ പോലെ കരുത്തനായ കമ്മ്യൂണിസ്റ്റായ പിണറായിക്ക് ഒരു ചുക്കും സംഭവിക്കാനില്ലെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

കേരളത്തിൽ നിന്നുള്ള "ഒരു വിലയുമില്ലാത്ത" ഒരു കേന്ദ്ര സഹമന്ത്രി മുഖ്യമന്ത്രി സ:പിണറായി വിജയനെതിരെ നിലവാരമില്ലാത്ത ആക്ഷേപമുയർത്തിയതിനെ കുറിച്ച് സമൂഹത്തിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണല്ലോ. ഇദ്ദേഹം സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി. മുൻപൊരിക്കൽ ഈ മാന്യൻ കാക്കി ട്രൗസറിട്ട് നടന്ന കാലത്തെ ഒരു സംഭവം ഓർമ്മ വരുന്നു. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ: നായനാർ ആയിരുന്നു. 

ഡൽഹി കേരള ഹൗസിൽ അദ്ദേഹമുള്ളപ്പോൾ കുറച്ച് ആർഎസ്എസ് കാരേയും എബിവിപികാരേയും കൂട്ടി ഈ വിദ്വാൻ നായനാരുടെ മുറിയിൽ അത്രിക്രമിച്ചു കയറി വാതിൽ കുറ്റിയിട്ടു. കൈയ്യിലൊരു വെള്ള പേപ്പറുമുണ്ട്. കേരളത്തിൽ അറസ്റ്റിലായ ഒരു എബിവിപി പ്രവർത്തകനെ വിട്ടയക്കുമെന്ന് മുഖ്യമന്ത്രി ഈ പേപ്പറിൽ എഴുതി ഒപ്പിട്ടു നൽകണമെന്നായിരുന്നു ആവശ്യം. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നായിരുന്നു ഈ ആർഎസ്എസ് കാരുടെ വിചാരം. ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട നായനാർ കുലുങ്ങിയില്ല. പോയി പണി നോക്കാൻ പറഞ്ഞു. ആർഎസ്എസുകാർ പോലീസ് പിടിയിലുമായി.

അന്ന് കാണിച്ച ആ കാക്കി ട്രൗസർ കാരന്റെ അതെ മനോഭാവമാണ് ഈ മാന്യന് ഇപ്പോളും. നായനാരെ പോലെ കരുത്തനായ കമ്മ്യൂണിസ്റ്റായ പിണറായിക്ക് ഒരു ചുക്കും സംഭവിക്കാനില്ല. കേന്ദ്ര മന്ത്രിയായിട്ട് നാടിനോ നാട്ടുകാർക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികൾക്ക് പുച്ഛം മാത്രമേ ഉള്ളു. ആകെ ഉപകാരം കിട്ടിയത് കുറച്ച് സ്വന്തക്കാർക്കാണ്. വിദേശ യാത്രകളിൽ കൂടെ കൂട്ടാനും ഔദ്യോഗിക വേദികളിൽ ഇരിപ്പിടമൊരുക്കാനും നന്നായി ശ്രമിച്ചിട്ടുണ്ട്. ഈ കേന്ദ്ര സഹമന്ത്രിക്ക് അർഹമായ വിശേഷണം ഈ സന്ദർഭത്തിൽ തന്നെ ജനങ്ങൾ കല്പിച്ച് നൽകിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios