Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ വാര്‍ത്ത; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടിയുമായി പി ജയരാജന്‍

മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചു എന്ന നിലയിൽ തയ്യാറാക്കിയിരിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാർത്ത പ്രചരിപ്പിക്കാൻ നേതൃത്വം നൽകിയവരുടെ പേര് വിവരങ്ങൾ ഉൾപ്പെടെയാണ് ജയരാജന്റെ പോസ്റ്റ്. 
 

p jayarajan response against fake news
Author
Trivandrum, First Published Apr 7, 2020, 9:47 AM IST

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ലോ​ഗോയും പേരും ദുരുപയോ​ഗം ചെയ്ത് തന്റെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി. ജയരാജൻ. ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് ജയരാജൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചു എന്ന നിലയിൽ തയ്യാറാക്കിയിരിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാർത്ത പ്രചരിപ്പിക്കാൻ നേതൃത്വം നൽകിയവരുടെ പേര് വിവരങ്ങൾ ഉൾപ്പെടെയാണ് ജയരാജന്റെ പോസ്റ്റ്. 

'ഇതിന് നേതൃത്വം നൽകിയ ഒരാൾ പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ കോൺഗ്രസ്സ് പ്രവർത്തകൻ അരുൺ ശിവനന്ദനാണ്. ഇപി ഖാദർ കുഞ്ഞു, അഹ്മദ്‌ ജെസിൻ, സാനു ഫോർട്ടലാൻഡർ, ആന്റണി മെബോൺ, കെപികെ മുഹമ്മദ് എന്നീ എഫ്ബി ഐഡികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കും.'  പി. ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നു. കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന് ലോകത്തിന് തന്നെ മാതൃകയായി കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഘട്ടത്തിലും ഇത്തരം വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ച് ആനന്ദം കൊള്ളൂന്നവരുടെ രാഷ്ട്രീയ നിലവാര തകർച്ചയാണ് കാണുന്നത് എന്ന് കുറിച്ചാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

അൽപനേരം മുൻപാണ് എന്റെ ഫോട്ടോ വെച്ചുകൊണ്ട് ഏഷ്യാനെറ്റ് ചാനലിന്റെ ലോഗോ ഉൾപ്പടെ ഉപയോഗിച്ച് കൊണ്ട് ഒരു വ്യാജ പോസ്റ്റർ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.മുഖ്യമന്ത്രി സ:പിണറായിക്കെതിരായി ഞാൻ പ്രതികരിച്ചു എന്ന നിലയിലാണ് പോസ്റ്റർ. ഈ വ്യാജ പോസ്റ്റർ പ്രചരിപ്പിക്കുന്നവരുടെ രാഷ്ട്രീയം പരിശോധിച്ചപ്പോൾ മനസിലാകുന്നത് ഇത് ഒരു കോൺഗ്രസ്സ് ഐടി സെൽ പ്രോഡക്ട് ആണെന്നാണ്.ഇതിന് നേതൃത്വം നൽകിയ ഒരാൾ പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ കോൺഗ്രസ്സ് പ്രവർത്തകൻ അരുൺ ശിവനന്ദനാണ്.ഇപി ഖാദർ കുഞ്ഞു,അഹ്മദ്‌ ജെസിൻ ,സാനു ഫോർട്ടലാൻഡർ,ആന്റണി മെബോൺ,കെപികെ മുഹമ്മദ് എന്നീ എഫ്ബി ഐഡികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന് ലോകത്തിന് തന്നെ മാതൃകയായി കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഘട്ടത്തിലും ഇത്തരം വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ച് ആനന്ദം കൊള്ളൂന്നവരുടെ രാഷ്ട്രീയ നിലവാര തകർച്ചയാണ് കാണുന്നത്. ഇത്തരക്കാരോട്"ഹാ കഷ്ടം" എന്നല്ലാതെ മറ്റെന്ത് പറയാൻ.

Follow Us:
Download App:
  • android
  • ios