തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിനും ഒരു ബോംബിനും തോല്‍പ്പിക്കാനാവില്ലെന്ന് തെളിയിച്ച് നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ഡോ. അസ്നയെ സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. അസ്നയെ വീട്ടിലെത്തി കണ്ടത് സന്തോഷകരവും അഭിമാനകരവുമായ അനുഭവമാണെന്ന് പി ജയരാജന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇപ്പോൾ അസ്നയ്‌ക്ക് പാട്യം പഞ്ചായത്ത് ഭരണ സമിതിയാണ് ചെറുവാഞ്ചേരി കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിൽ താൽക്കാലികമായി ജോലി നൽകിയത്. എംബിബിഎസ്‌ കഴിഞ്ഞയുടനെ ജന്മനാട്ടിൽ തന്നെ സേവനമനുഷ്ഠിക്കാൻ സാധിച്ചത് അസ്നയ്‌ക്ക് ഇരട്ടിമധുരമായി. അതിന് അവസരമൊരുക്കിയ പാട്യം പഞ്ചായത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നെന്നും അദ്ദേഹം കുറിച്ചു. 

പി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

എന്റെ പ്രിയപ്പെട്ട സഹോദരി അഷ്‌നയെ ഡോക്ടറായതിന് ശേഷം വീണ്ടും കണ്ടു.ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഫോണിൽ അഷ്‌നയുമായി സംസാരിച്ചിരുന്നു.കോഴിക്കോട് നിന്നും പ്രത്യേക വാഹനം ഏർപ്പാടാക്കിയാണ് അഷ്‌ന അന്ന് വോട്ട് ചെയ്യാനെത്തിയത്.

2000 സെപ്തംബർ 27 ന്റെ തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസമാണ് ആർഎസ്എസുകാർ ബോംബെറിഞ്ഞു അഷ്‌നയുടെ കാൽ തകർത്തത്.അഷ്‌നയെ എറണാകുളം സ്പെഷലിസ്റ് ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച സമയത്ത് ചികിത്സ തേടി ഞാനും അവിടെ ഉണ്ടായിരുന്നു.വേദന കൊണ്ട് പുളയുന്ന അന്നത്തെ അഷ്നയാണ് ഇരുപതാമത്തെ വർഷം നിറഞ്ഞ ചിരിയോടെ ഞങ്ങളെ വരവേറ്റത്.

അന്ന് അഷ്‌നയെയും കുടുംബത്തെയും സഹായിക്കാൻ ജില്ലയിലുടനീളം ബാലസംഘവും കൈരളി ചാനലിലൂടെയുള്ള സഹായ അഭ്യർത്ഥനയും മനുഷ്യ സ്നേഹികളുടെയാകെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനിടയാക്കി.ആ സഹായം ചെറുവാഞ്ചേരി ടൗണിൽ വെച്ച് പ്രശസ്ത സിനിമാ താരവും കൈരളി ചെയർമാനുമായ മമ്മൂട്ടിയാണ് കുടുംബത്തെ ഏൽപ്പിച്ചത്.

ഇപ്പോൾ അഷ്‌നയ്‌ക്ക് പാട്യം പഞ്ചായത്ത് ഭരണ സമിതിയാണ് ചെറുവാഞ്ചേരി കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിൽ താൽക്കാലികമായി ജോലി നൽകിയത്.എംബിബിഎസ്‌ കഴിഞ്ഞയുടനെ ജന്മനാട്ടിൽ തന്നെ സേവനമനുഷ്ഠിക്കാൻ സാധിച്ചതിൽ അഷ്‌നയ്‌ക്ക് ഇരട്ടിമധുരമായി.അതിന് അവസരമൊരുക്കിയ പാട്യം പഞ്ചായത്തിന് അഭിവാദ്യങ്ങൾ.

സന്തോഷകരവും അഭിമാനകാരവുമായ ഒരനുഭവമാണ് അഷ്‌നയെ വീട്ടിലെത്തി കണ്ടത് വഴി ഉണ്ടായത്.എംഎബിബിഎസിന് അഡ്മിഷൻ കിട്ടിയപ്പോഴും അഷ്‌നയെ ആശംസകൾ അറിയിച്ചിരുന്നു.

പാർട്ടി ജില്ലാ കമ്മറ്റി അംഗം സ:കെ ലീലയും ഏറിയ കമ്മറ്റി അംഗം എം സി രാഘവൻ മാസ്റ്ററും ചെറുവാഞ്ചേരി ലോക്കൽ സെക്രട്ടറി സൂരജും കൂടെയുണ്ടായി.

അഷ്‌നയ്‌ക്ക് ആദ്യ ദിവസം 160 രോഗികളെ പരിശോധിക്കേണ്ടി വന്നു.കാരണം എൽഡിഎഫ് ഗവണ്മെന്റ് അധികാരത്തിൽ വന്നതോടെ ഉച്ചയ്ക്ക് ശേഷവും ഒപി ചികിത്സയുണ്ട്.അതുകൊണ്ട് കൂടുതൽ ആളുകൾ ഈ സേവനം ഉപയോഗപ്പെടുത്തുന്നു.
പിജി കോഴ്‌സിന് ചേരണമെന്നാണ് അഷ്‌നയുടെ ആഗ്രഹം.അഷ്‌നയ്‌ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.ആരോഗ്യരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് ഇനിയും സേവനം നൽകാനാവട്ടെ എന്ന് ആശംസിക്കുന്നു.