തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ തിരിച്ചടി കൂട്ടായി ചർച്ച ചെയ്യുമെന്നും ഒരു കൂട്ടരെയും കുറ്റപ്പെടുത്താൻ ഇല്ലെന്നും മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലികുട്ടി. പാർലമെന്റ് തെരഞ്ഞെടുപ്പിലെ പോലെ ശക്തമായ തിരിച്ചുവരവിന്  വേണ്ട പ്രവർത്തനം നടത്തുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. 

പരാജയത്തിന് പിന്നാലെ വലിയ കലാപമാണ് കോൺ​ഗ്രസിനുള്ളിൽ നടക്കുന്നത്. പല ജില്ലകളിലും ഡിസിസികൾക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും രം​ഗത്ത് വന്നിരുന്നു. തൊലിപ്പുറത്തുള്ള ചികിത്സ പോരെന്നും നേതൃമാറ്റമടക്കം കാര്യമായ അഴിച്ചു പണി പാ‍ർട്ടിയിൽ വേണമെന്നും കെ സുധാകരനും കെ മുരളീധരനും തുറന്നടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷവും തുടരുന്ന കോൺഗ്രസിലെ ആഭ്യന്തര തർക്കത്തെ കുറിച്ച് മുസ്ലീം ലീഗ് പരസ്യ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേ വികാരമാണ് മറ്റ് ഘടകകക്ഷികൾക്കുമുളളത്.

Also Read: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം, ആഭ്യന്തര കലഹം; ഇന്ന് യുഡിഎഫ് യോഗം ചേരും

പരാജയം വിലയിരുത്താൻ യുഡിഎഫ് യോഗം ഇന്ന് ചേരും. യുഡിഎഫ് യോഗത്തിന് മുൻപേ ലീഗ് നേതാക്കൾ കോൺഗ്രസ് നേതാക്കളെ കാണും. കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടും. പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള നേതാക്കളാണ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.