തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ് യുഡിഎഫിന്റെ പരാജയ കാരണമെന്ന് മുസ്ലീംലീ​ഗ്. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നൽകാൻ യുഡിഎഫിന് കഴിയണം. മുന്നണിയുടെ പൊതു ആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം ലീഗ് പറയുമെന്നും മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ റിസൾട്ട് മോശമല്ല. വോട്ടുകൾ ഭിന്നിച്ചു പോയതാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണം. യുഡിഎഫ് അച്ചടക്കത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കുമെന്നും പിന്നോക്ക - മുന്നോക്ക വ്യത്യാസം ഇല്ലാത്ത നയങ്ങളുമായി യുഡിഎഫ് വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഭാഗീയത സൃഷ്ടിക്കാൻ ഇടതു ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോണ്ഗ്രസിലെ പ്രശ്നങ്ങൾ ഉടന്‍ പരിഹരിക്കപ്പെടും. മുന്നണിയുടെ പൊതു ആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം ലീഗ് പറയും. അത് മുന്നണിയിൽ ആണ് പറയുക. 100 ല്‍ കൂടുതൽ സീറ്റ് അസംബ്ലിയിൽ ജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്ഡിപിഐ - ഇടത് സഹകരണം പോലെ മാത്രമേ യുഡിഎഡ് വെൽഫെയർ സഹകരണം ഉള്ളു. അത് ചർച്ചയാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.