തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ നടപടി എടുക്കാന്‍ മടിക്കുന്നത് ദുരൂഹമെന്ന് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ശിവശങ്കറിന് എതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഫോണ്‍ രേഖ പുറത്തായതോടെ ശിവശങ്കറിന്‍റെ പങ്ക് തെളിഞ്ഞു. സ്വര്‍ണ്ണക്കടത്തില്‍ ഭരണസംവിധാനം മുഴുവന്‍ സംശയത്തിന്‍റെ നിഴലിലാണ്. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

നയതന്ത്ര ചാനലിലൂടെ നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് കസ്റ്റംസ് ഇതുവരെ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. സരിത്തും സ്വപ്ന നായരും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഉറ്റ സൗഹൃദം എം ശിവശങ്കറിന് ഉണ്ടെന്നത് വ്യക്തമാണ്. എന്നാല്‍ കള്ളക്കടത്തിൽ പങ്കുണ്ടോയെന്ന് സ്വപ്ന അടക്കുള്ളവരിൽ നിന്നെ വ്യക്തമാകു എന്നാണ് കസ്റ്റംസ് വൃത്തങ്ങൾ പറയുന്നത്. 

സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടെന്ന് ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോൺ വിളികൾക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടന്ന് തെളിയിക്കുന്ന തെളിവുകൾ കിട്ടിയിട്ടില്ല. ശിവശങ്കറിന്‍റെ കാര്യത്തിൽ കൂടുതൽ പരിശോധന ഉണ്ടാകുമെന്നും കസ്റ്റംസ് വ്യത്തങ്ങൾ വ്യക്തമാക്കി. അറസ്റ്റിലായ ജലാലും റമീസും ചേർന്നാണ് കള്ളക്കടത്തിന് പണം മുടക്കാൻ ആളെ കണ്ടെത്തിയത്.

സന്ദീപും റമീസുമാണ് നയതന്ത്ര ചാനലിലൂടെയുള്ള കളളക്കടത്ത് സാധ്യത തിരിച്ചറിഞ്ഞ്, സ്വപ്നയേയും സരിത്തിനേയും ഇതിനായി സമീപിച്ചത്. കളളക്കടത്തിന് പണം മുടക്കാൻ തയാറുള്ളവരെ കണ്ടെത്തിയത് ജലാലാണ്. പണം മുടക്കുന്നവർക്ക് ലാഭ വിഹിതം വിതരണം ചെയ്തിരുന്നതും  സ്വർണം വാങ്ങാൻ ആളെ കണ്ടെത്തിയിരുന്നതും ജലാൽ ആണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.