പാലക്കാട്: ഷൊർണ്ണൂരിൽ വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി പി കെ ശശി. തന്‍റെ ശരിയും തെറ്റും പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ലൈംഗികപീഡനാരോപണത്തെക്കുറിച്ചുള്ള ശശിയുടെ പ്രതികരണം. പാർട്ടി തെറ്റ് ചൂണ്ടിക്കാണിച്ചാൽ അത് പൂർണ്ണമായും അംഗീകരിക്കുമെന്നും രാഷ്ട്രീയ ജിവിതത്തിൽ നിരാശപ്പെടേണ്ടതൊന്നും ചെയ്തിട്ടില്ലെന്നും ശശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ എംബി രാജേഷിനെ തോൽപ്പിക്കാൻ വോട്ട് മറിച്ചെന്ന ആരോപണവും ശശി തള്ളി. ജീവിതത്തിൽ ഇതേ വരെ ആരെയും ഒറ്റു കൊടുത്തിട്ടില്ലെന്നും ശശി പറഞ്ഞു. ആരെയും ചതിച്ചിട്ടില്ലെന്നും നാളെയും ആരെയും ചതിക്കില്ലെന്നുമാണ് പി കെ ശശി ഉറപ്പ് പറയുന്നത്. 

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐക്ക് എതിരെ നിന്നു എന്ന ആരോപണവും ശശി തള്ളി. സിപിഐ വിരോധമില്ലെന്നും ഇടത് ഐക്യത്തിനാണ് പ്രവർത്തിച്ചതെന്നും ശശി അവകാശപ്പെട്ടു.